മുഖ്യമന്ത്രിയെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിച്ച സ്ത്രീക്കെതിരെ കേസെടുത്തു; പിന്നില്‍ പ്രവര്‍ത്തിച്ചവരും കുടുങ്ങും

ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് വീഡിയോയിലുള്ള സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയ്ക്കെതിരെയാണ് കേസെടുത്തത്.

മല്ലപ്പുഴശ്ശേരി നെല്ലിക്കാല ഗുരുപ്രസാദം വീട്ടില്‍ സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്.ജാതിപ്പേര് വിളിച്ചത് തനിക്കും സമുദായത്തിനും മാനഹാനിക്ക് ഇടയാക്കിയെന്നും കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വം ഈ വീഡിയോ പോസ്റ്റ് ചെയ്തതാണെന്നും പരാതിയിലുണ്ട്്. ഇതിനുപിന്നിലുള്ളവരെക്കൂടി കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ മുന്‍ സെക്രട്ടറിയും ചെങ്ങന്നൂര്‍ യൂണിയന്‍ മുന്‍ കണ്‍വീനറുമാണ് പരാതിക്കാരന്‍.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.