നിരീക്ഷണത്തിലുള്ളവര്‍ വഴിതെറ്റിയാല്‍ നാട്ടുകാര്‍ അറിയിക്കണം

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആശങ്കയുളവാക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയുണ്ടായി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നേതാക്കള്‍ പിന്തുണ അറിയിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കും. നാം നിതാന്തജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടസാധ്യത ഉണ്ടെന്ന സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും യോജിച്ചു. പുറത്തുനിന്നും നമ്മുടെ സഹോദരന്മാര്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങളാകെ ഈ പോരാട്ടത്തില്‍ സ്വയം പടയാളികളായി മാറണം. നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ചുറ്റുപാടുള്ള നാട്ടുകാര്‍ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണം.
പ്രവാസികളുടെ കാര്യത്തില്‍, വിദേശത്തുനിന്നായാലും ഇതര സംസ്ഥാനങ്ങളില്‍ നിന്നായാലും, വരാനാഗ്രഹിക്കുന്ന എല്ലാവരേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇക്കാര്യം തുടക്കം മുതലേ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഒരു ക്രമീകരണവുമില്ലാതെ ആളുകള്‍ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാന്‍ നാം സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകും. നല്ല ആസൂത്രണത്തോടെയും ചിട്ടയോടേയും വേണം പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുന്നതും ക്വാറന്റൈനിലേക്ക് അയക്കുന്നതും. അതിനുള്ള ഫലപ്രദമായ സംവിധാനം നമുക്കുണ്ട്. വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തുന്നവരെ സ്വീകരിച്ച് നേരെ ക്വാറന്റൈനിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഹോം ക്വാറന്റൈനില്‍ പോകുന്നവര്‍ വഴിയില്‍ ഇറങ്ങാനോ ആരേയും കാണാനോ പാടില്ല. ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാകും. ഇത്തരം ക്രമീകരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.
സര്‍ക്കാരിനെ അറിയിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അനധികൃതമായി സംസ്ഥാനത്ത് എത്തുന്നവരുടെ കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എവിടെ നിന്നായാലും ഫ്‌ളൈറ്റുകളും ട്രെയിനുകളും വരട്ടെ. ഒരു നിബന്ധന മാത്രമേ സംസ്ഥാനത്തിനുള്ളൂ. എല്ലാവരുടേയും വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. അതിനുവേണ്ടി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ നിവൃത്തിയില്ല. വരുന്നവരുടേയും നാട്ടിലുള്ളവരുടേയും ആരോഗ്യസുരക്ഷ സര്‍ക്കാരിന് പ്രധാനമാണ്. വരുന്നവരുടെ നാട്ടിലെ വിലാസവും മറ്റു വിവരങ്ങളും ലഭിച്ചാല്‍ മാത്രമേ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയൂ. സൗകര്യം ഇല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് അയക്കേണ്ടതുണ്ട്. ഈ രീതിയില്‍ രജിസ്‌ട്രേഷനും മറ്റു ക്രമീകരണങ്ങളും നിഷ്‌കര്‍ഷിക്കുന്നത് തെറ്റിദ്ധരിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി ചില പ്രതികരണങ്ങള്‍ നടത്തിയത്. നാം നമ്മുടെ പ്രയാസവും ഉല്‍ക്കണ്ഠയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.