തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ..വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക

പ്രളയത്തിന് ശേഷം പകർച്ചവ്യാധി ഭീഷണി നിൽനിൽക്കുന്നുണ്ടെന്നും അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണനയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്, 14 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികൾക്ക് ക്യാമ്പുകളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ സംഘവും പ്രവർത്തനം തുടങ്ങിയതായി മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ പ്രത്യേക മുൻ കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും കെ കെ ഷൈലജ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്.

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ

ചുവരുകള്‍ പൂര്‍ണമായി ഉണങ്ങിയിട്ടുണ്ടെന്നും വൈദ്യുതി ആഘാതം ഏല്‍ക്കാനുള്ള സാധ്യത ഇല്ലെന്നും ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിങ് , മീറ്റര്‍, ഇ.എല്‍.സി.ബി, എം.സി.ബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയില്‍ വെള്ളവും ചെളിയും കയറാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം.

വീടിന്റെ പരിസരത്ത് സര്‍വ്വീസ് വയറോ എര്‍ത്ത് കമ്പനിയോ പൊട്ടിയ നിലയിലോ താഴ്ന്നുകിടക്കുന്ന നിലയിലോ കണ്ടാല്‍ സ്പര്‍ശിക്കരുത്. വിവരം ഉടന്‍ വൈദ്യുതി ബോര്‍ഡില്‍ അറിയിക്കണം. മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തശേഷമേ വീട് ശുചിയാക്കാന്‍ തുടങ്ങാവൂ. ഇന്‍വര്‍ട്ടറോ സോളാറോ ഉള്ളവര്‍ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്ഷന്‍ വിച്ഛേദിക്കണം.

വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടണം. അടച്ചിട്ട മുറിയിലെ മലിനമായ വായുവിനെ പുറന്തള്ളാനും വായു സഞ്ചാരം സുഗമമാക്കാനും ഇതുവഴി സാധിക്കും.

വെള്ളം കയറുന്നതിനൊപ്പം വീടുകളില്‍ പാമ്പുകള്‍ കടന്നുകൂടാനുള്ള സാധ്യത പരിഗണിച്ച് അകത്ത് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിച്ചു മാത്രം കടക്കുക.

വീടുകള്‍ വൃത്തിയാക്കുന്നവര്‍ ഗ്ലൗസ്, ബൂട്ടുകള്‍, മാസ്‌ക് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുറഞ്ഞത് ചെരുപ്പെങ്കിലും ഉപയോഗിക്കണം. കാലുകളില്‍ മുറിവുള്ളവര്‍ ചെളിവെള്ളത്തില്‍ ഇറങ്ങരുത്.

നിലങ്ങള്‍ ക്ലോറിന്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. അതിനുശേഷം ക്ലോറിന്റെ ഗന്ധം മാറിക്കിട്ടാന്‍ സുഗന്ധമുള്ള മറ്റ് ലായനികള്‍ ഉപയോഗിക്കാം.

പരിസരങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ വന്നടിയാനുള്ള സാധ്യത കണക്കിലെടുത്ത് വീടും പരിസരവും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അനുവിമുക്തമാക്കേണ്ടതുണ്ട്. കിണറുകളില്‍ നിന്നും മറ്റും വെള്ളമെടുക്കുന്നതിനു മുമ്പ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുക. വീട്ടിലെ പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.

പൊട്ടിയ പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാനുള്ള സാധ്യതയുണ്ട്. അതിനു വഴിവെക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. എലിപ്പനി, ഡെങ്കിപ്പനി, ഡയേറിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നീ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാഹചര്യം ഏറെയാണ്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള പ്രതിരോധ ഗുളികകള്‍ കഴിക്കുക. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടിവെള്ളം. ശുദ്ധമായ വെള്ളം കുടിച്ചില്ലെങ്കില്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികവുമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചതിനു ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. അമിതമായ അളവില്‍ ക്ലോറിന്‍ ലായനി ചേര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ ശ്രദ്ധിക്കുക.

കിണറിലെ വെള്ളം

ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

ആദ്യമായി 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്.

പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.

കുടിവെള്ളം അണുവിമുക്തമാക്കാന്‍ 1 ലിറ്റര്‍ വെള്ളത്തിന് 8 തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്.

ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.