സി.ഐ.എസ്.എഫ് ജവാന്മാരെ സഹായിക്കാന്‍ ഉന്നത ഓഫീസറെ കണ്ണൂരിലയക്കും

തിരുവനന്തപുരം: സി.ഐ.എസ്.എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സി.ഐ.എസ്.എഫ് ഓഫീസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
കണ്ണൂരില്‍ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത് .
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.

കണ്ണൂര്‍ ഡിഐജി കെ.സേതുരാമന്‍, എസ്പി ജി.എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഉടന്‍തന്നെ കണ്ണൂര്‍ വിമാനത്താവളവും സി.ഐ.എസ്.എഫ് ബാരക്കുകളും സന്ദര്‍ശിക്കും. വിമാനത്താവളവും ബാരക്കുകളും അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഐജി തുമ്മല വിക്രമിനാണ് ഏകോപന ചുമതല. സംസ്ഥാനത്ത് സി.ഐ.എസ്.എഫ് ജവാന്മാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.