ചൈനീസ് ബഹിരാകാശനിലയം ഏപ്രില്‍ രണ്ടിന് മുന്‍പ് ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ‘ടിയാന്‍ഗോങ്-1’ മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നു ബഹിരാകാശ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ആകാശത്തു തീഗോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാകും നിലയം അവസാനയാത്ര നടത്തുകയെന്ന് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോണമി റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ മാര്‍കസ് ഡോലന്‍സ്‌കി പറഞ്ഞു. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിപ്പുണ്ട്. നിലയം വീഴുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞന്‍മാര്‍ തള്ളിക്കളഞ്ഞു.

8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. മേഖലയില്‍ തന്നെ വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ സാധ്യത അല്‍പം കൂടുതലാണ്.