കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പോക്സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ന്യൂഡൽഹി: പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരുന്നതിനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്താണ് ഓർഡിനസിന് രൂപം നൽകിയത്. വധശിക്ഷ വ്യവസ്ഥ ചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു,

കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ഔദ്യോഗികമായി മന്ത്രിസഭയ്ക്ക് മുന്പിൽ കൊണ്ടുവരികയായിരുന്നു. ഇതാദ്യമായല്ല ഇത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വരുന്നത്. മുന്പും വന്നിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.

പോക്‌സോ നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വർഷവുമാണ്. 12 വയസ് വരെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ബിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ അടുത്തിടെ പാസാക്കിയിരുന്നു

2012 ഡിസംബറിലുണ്ടായ നിർഭയ കേസിനുശേഷം മാനഭംഗവുമായി ബന്ധപ്പെട്ട് നിയമഭേദഗതികൾ വന്നിരുന്നു. മാനഭംഗത്തിനിരയായ സ്‌ത്രീ മരിച്ചാലോ, ജീവച്ഛവമായാലോ പ്രതിക്ക് വധശിക്ഷ നൽകണമെന്ന ഭേദഗതി അന്നൊരു ഓർഡിനൻസിൽക്കൂടി നിലവിൽവന്നിരുന്നു. ഇതാണ് പിന്നീട് ക്രിമിനൽനിയമ ഭേദഗതിച്ചട്ടമായത്.