പി ചിദംബരത്തെ പാർപ്പിക്കുക തിഹാറിലെ ഏഴാം നമ്പര്‍ ജയിലിൽ

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലിലാകും താമസിപ്പിക്കുക. മരുന്നുകള്‍ ഒപ്പം കരുതാന്‍ ചിദംബരത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഒരു ദിവസം കൊണ്ട് പി. ചിദംബരത്തിനെതിരായ നാല് കേസുകളിലാണ് കോടതി വാദം കേട്ടത്. അതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 19 വരെ സി.ബി.ഐയുടെ കീഴിലോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറിന്റെ (ഇ.ഡി) കീഴിലോ കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി വിധിച്ചത്.

മുമ്പ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലായവരെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നയിടമായിരുന്നു ഏഴാം നമ്പര്‍ ജയില്‍. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളവരില്‍ അധികവും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാവരാണ്. 600 – 700 ആളുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ പ്രത്യേക സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19-ാം തിയതി വരെയാണ് തിഹാറില്‍ കഴിയേണ്ടി വരിക.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനു പകരം ചിദംബരം ഇ.ഡിക്കു മുന്‍പാകെ ഹാജരാകാമെന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ ചിദംബരത്തെപ്പോലെയൊരു വ്യക്തിക്ക് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയുമെന്ന് സി.ബി.ഐ വാദിച്ചതോടെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.

സാധാരണ തടവുകാരെ പോലെയാകും ചിദംബരത്തെയും പരിഗണിക്കുകയെന്ന് ജയില്‍ ഡി ജി പി സന്ദീപ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.