ആ വീഡിയോയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓഫീസ്; പ്രചരിപ്പിച്ചത് ബി.ജെ.പി വനിത നേതാവ്

സൈന്യത്തിന്‍റേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ്. കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നിന്നാണെന്ന് സൂചന. പിന്നീട് വീഡിയോ വൈറലാകാൻ സഹായിച്ചതാകട്ടെ കേരള ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാവ് അഡ്മിൻ ആയിട്ടുള്ള ഫേസ്ബുക് ഗ്രൂപ്പും.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്.അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മാഡിയയില്‍ പരക്കെ പ്രചരിക്കുന്നത്. ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ദാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്.

ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, പ്രചാരണത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.