ആവേശത്തിമിര്‍പ്പില്‍ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം

ചെങ്ങന്നൂർ: രണ്ടര മാസക്കാലം നീണ്ടുനിന്ന പരസ്യ പ്രചരണത്തിന് അന്ത്യമിട്ട് ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം ആരംഭിച്ചു. മൂന്ന് മുന്നണികളിലെ നേതാക്കളും നേരത്തെതന്നെ ടൗണില്‍ എത്തിച്ചേര്‍ന്നു. പാര്‍ട്ടി അണികള്‍ തങ്ങളുടെ നേതാക്കമ്മാരുടെ പോസ്റ്ററുകളും ഫോട്ടോകളും നിരത്തി കലാശം പൊടി പൊടിക്കുകയാണ്. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. ഓരോ മുന്നണികളും വിജയപ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട്. മെയ് 28 തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇലക്ഷന്‍ ഡേറ്റ്്, സ്ഥാനാര്‍ത്ഥിപ്പട്ടിക എന്നിവ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. അതിനാല്‍ ശക്തമായ ത്രികോണ മത്സരം തന്നെയായിരിക്കും ചെങ്ങന്നൂരില്‍ നടക്കാന്‍ സാധ്യത.

മണ്ഡലത്തിന് പുറത്തു നിന്നുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്നത്തോടെ മണ്ഡലം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന പാലനത്തിന് പൊലീസ് സംവിധാനത്തിന് പുറമെ ഒരു കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.

17 സ്ഥാനാര്‍ത്ഥികളും നോട്ട ബട്ടണും ഉള്ളതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളായിരിക്കും എല്ലാ ബൂത്തുകളിലും ക്രമീകരിക്കുക. 164 പോളിങ്ങ് സ്‌റ്റേഷനുകളും 17 പകരം സവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 1104 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 5 മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളും 10 സ്ത്രീ സൗഹൃദ പോളിങ്ങ് സ്‌റ്റേഷനുകളും തയ്യാറാറാക്കിയിട്ടുണ്ട്.

കേന്ദ്ര സേന അടക്കം ക്രമസമാധാന പാലനത്തിന് 1500 പേരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലം വിട്ടു പോകണമെന്ന് പുറത്തു നിന്നെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതിനകം തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.