പ്രളയദുരിതം തുടരുന്നു; സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; ആശങ്കയൊഴിയാതെ ചെങ്ങന്നൂര്‍

സംസ്ഥാനത്ത് തുടരുന്ന പ്രളയ ദുരിത്തില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി തുടരുന്നു.നിലവില്‍ വെള്ളം ഉയര്‍ന്നിരിക്കുന്ന ചെങ്ങന്നൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക.രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി ചെങ്ങന്നൂരില്‍ ഇന്നും ശക്തമായ മഴ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കരസേനയുടെ 25 ബോട്ടുകള്‍ കൂടി ഉടന്‍ എത്തിക്കും. ചെങ്ങന്നൂരിലേക്ക് 15 ബോട്ടുകളും തിരുവല്ലയിലേക്ക് 10 ബോട്ടുകളുമാണ് കൊണ്ടുവരുന്നത്. അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഈ ബോട്ടുകള്‍ക്ക് പോകാനാകും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ അടിയൊഴുക്ക് കൂടുതലുള്ള ഭാഗങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്താനായിരുന്നില്ല.

ജോധ്പൂരിലെ സൈനിക ആസ്ഥാനത്തു നിന്നാണ് ബോട്ടുകള്‍ എത്തിക്കുക. തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്ത് എത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ആവശ്യ സ്ഥലങ്ങളിലെത്തിക്കുമെന്നാണ് വിവരം. അഞ്ച് ഹെലികോപ്റ്ററുകളും ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം എത്തുമെന്നാണ് വിവരം. 13 ഹെലികോപ്റ്ററുകളാണ് നിലവില്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന രംഗത്ത് ഉള്ളത്. ചാലക്കുടിയിലേക്കും ഇന്ന് ബോട്ടുകള്‍ എത്തിക്കും.

ചെങ്ങന്നൂരിലെ സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ ഇവിടേക്ക് വിന്യസിച്ച്‌കൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

അതേസമയം കനത്ത മഴയില്‍ ഇന്നലെ ഒറ്റപ്പെട്ടുപോയ തൃശൂര്‍ നഗരത്തിന്‍ ഇന്ന് മഴയ്ക്ക് ശമനമുണ്ട്.ഇടുക്കിയിലും മഴയ്ക്ക് ശമനമുണ്ട്. ചാലക്കുടിയില്‍ വെള്ളമിറങ്ങുന്നതായും വിവരമുണ്ട്