രജനിക്ക് ക്യാൻസർ ഇല്ല; അന്തിമ ലാബ് റിപ്പോർട്ടും വന്നു

തിരുവല്ല: സ്വകാര്യ ലാബ് റിപ്പോർട്ട് അടിസ്ഥാനത്തിൽ കീമോ ചെയ്ത യുവതിക്ക് ക്യാൻസറില്ലെന്ന് അന്തിമ റിപ്പോർട്ട്. നീക്കം ചെയ്ത മാറിടത്തിലുണ്ടായ മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല. പന്തളത്തിനടുത്തെ കുടശനാട് സ്വദേശിനിയായ രജനിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ പതോളജി ലാബിലെ പരിശോധനാ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്‍.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇക്കാര്യം വ്യക്തമാക്കിയെന്ന് രജനി പറഞ്ഞു. പതോളജി ലാബിൽ നിന്നും ലഭിച്ച അന്തിമ റിപ്പോർട്ടിൽ ആശ്വസിക്കുമ്പോഴും ആശങ്ക ബാക്കിയാണ്.

മാറിടത്തിലുണ്ടായ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നൽകി. കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിൽസ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്. കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഡൈനോവ എന്ന സ്വകാര്യ ലാബിന്റെ പരിശോധനാ ഫലത്തിലാണ് പിഴവ് ഉണ്ടായത്.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല.

കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി.കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും യുവതി നേരിടുന്നുണ്ട്. മുടിമുഴുവൻ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്.