മമതയുടെ അതിബുദ്ധിയും കാരാട്ടിന്റെ വക്രബുദ്ധിയും

ബംഗാളിലെ പുലിയായ മമതാ ബാനര്‍ജി പുതിയൊരു അതിബുദ്ധിയുമായി എത്തിയിരിക്കുകയാണ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കെട്ടുകെട്ടിക്കാന്‍ ബി.ജെ.പി-സംഘപരിവാര്‍ വിരുദ്ധ വോട്ടുകളെല്ലാം ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നടത്തുന്ന നീക്കം അതിബുദ്ധിയാണെന്ന് പറയാന്‍ കാരണം ഇന്ത്യയിലെ ഒരു മൂലക്കൊതുങ്ങുന്ന സംസ്ഥാനത്ത് മാത്രം വേരുള്ള ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവ് നടത്തുന്ന ജല്പനങ്ങള്‍ കൂടി വിലയിരുത്തിയാണ്. കഴിഞ്ഞ ദിവസം മമത കൊല്‍ക്കത്തയില്‍ നിന്ന് രണ്ടു ദിവസത്തെ അവധിയെടുത്ത് ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അമ്മയും മുന്‍ പ്രസിഡന്റുമായിരുന്ന സോണിയഗാന്ധിയെ കാണുകയായിരുന്നു മുഖ്യോദ്ദേശ്യം.

രാജ്യത്ത് കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാര്‍ട്ടി തന്നെ സമ്മതിച്ചു. പക്ഷേ, പലേടത്തെയും നില പരുങ്ങലിലാണ്. ബി.ജെ.പിയെ നേരിടാന്‍ അവര്‍ക്ക് കഴിയുന്ന അപൂര്‍വം സംസ്ഥാനങ്ങളേയുള്ളൂ. ഗുജറാത്തില്‍ പറ്റിയേക്കും. കര്‍ണാടകത്തില്‍ പറ്റിയേക്കും. പിന്നെ പറ്റിയേക്കുമെന്ന് നെഞ്ചില്‍ കൈ വച്ചു പറയാവുന്ന സംസ്ഥാമേതാണ്? അതിനാല്‍ മമതയുടെ വാദത്തിന് കഴമ്പു വരുന്നു. മമത പറഞ്ഞത് ഇതാണ്: സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ നേരിടാന്‍ പറ്റുന്ന പാര്‍ട്ടികളില്‍ വലിയ പാര്‍ട്ടിയേതോ അതിനു കീഴടങ്ങി മറ്റു പാര്‍ട്ടികള്‍ പിന്തുണ നല്‍കുക. അങ്ങനെ ഒരു ഫോര്‍മുല സ്വീകരിച്ചാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ സംഭവിക്കുന്നതെന്താണെന്ന് യു.പിയില്‍ അടുത്തിടെ നടന്ന ലോകസഭയിലേക്കുള്ള രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ തെളിഞ്ഞല്ലോ.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴിഞ്ഞ സീറ്റിലേക്ക് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ചപ്പോള്‍ ബി.ജെ.പി തറപറ്റി. അതിനാല്‍ മമത പറഞ്ഞതില്‍ യുക്തിയുണ്ട്.

ആ യുക്തിയുടെ ചില വശങ്ങള്‍ പരിശോധിക്കാം. ബംഗാളിലെ കാര്യമെടുക്കാം. അവിടെ ഒന്നാമത്തെ പാര്‍ട്ടി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. രണ്ടാമത്തെ പാര്‍ട്ടി ബി.ജെ.പിയാണ്. മൂന്നാമത്തെ പാര്‍ട്ടി ചിലേടത്ത് കോണ്‍ഗ്രസും ചിലേടത്ത് സി.പി.എമ്മുമാണ്. അതിനാല്‍ കോണ്‍ഗ്രസും സി.പി.എമ്മും നാലാം സ്ഥാനത്തേക്കും എളുപ്പം വീഴാം. അപ്പോള്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും മമതയോട് കൈ കോര്‍ക്കണം. കൈകോര്‍ത്താലുമില്ലെങ്കിലും ബംഗാളിന്റെ കാര്യത്തില്‍ മമത തന്നെ ഒന്നാമത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ചില്ലറ സീറ്റെങ്കിലും അവിടെ നിന്ന് കിട്ടണമെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്ന് മമതയ്ക്കറിയാം.

പിന്നെ മമതയുടെ ശ്രമം ദേശീയ രാഷ്ട്രീയത്തില്‍ ഒരു കിംഗ് മേക്കര്‍ ആകുക എന്നതാണ്. അതിനവര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ ഒരു മൂന്നാം മുന്നണിക്കു വേണ്ടി തെലങ്കാന സംസ്ഥാനത്തിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് എല്ലാ വിധ പിന്തുണയും മമത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മമത പുതിയ തന്ത്രവുമായി വന്നിരിക്കുന്നത് നാം ശ്രദ്ധിക്കണം. നരേന്ദ്രമോദിയെ തോല്പിക്കാന്‍ സംസ്ഥാനങ്ങള്‍ തോറുമുള്ള തന്ത്രം മെനയണമെന്നതാണത്. ‘ഫെഡറല്‍ മുന്നണി’ എല്ലായിടത്തും പ്രത്യേക തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം.

സോണിയാഗാന്ധിയെ മാത്രമല്ല, സമാജ് വാദി പാര്‍ട്ടി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ബിജു ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി, ആര്‍.ജെ.ഡി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ബി.ജെ.പി മൊഴിചൊല്ലിയ ശിവസേന എന്നീ കക്ഷികളുടെ നേതാക്കളുമായും മമത കണ്ടു സംസാരിച്ചു. ജനകീയ മുന്നണി എന്ന പേരും മമത മുന്നോട്ടുവച്ചു.

മമതയുടെ ഈ ശ്രമത്തിന് യുക്തിപരമായ മറ്റൊരു തലമുള്ളത് ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന തത്വമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടിയപ്പോള്‍ അവര്‍ക്ക് കിട്ടിയ വോട്ട് ശതമാനം രാജ്യത്ത് വെറും 31 ശതമാനമായിരുന്നു. ബാക്കി 69 ശതമാനം വോട്ടുകള്‍ വീണത് വിഘടിച്ചുനിന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പെട്ടിയിലാണ്. അതായത് എഴുപതുശതമാനത്തോളം പേര്‍ തള്ളിക്കളഞ്ഞ ഒരു പാര്‍ട്ടിയാണ് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് മറ്റു കക്ഷികളെ മമത വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.
മമതയുടെ ഈ ഫോര്‍മുല കേരളത്തില്‍ നടപ്പാക്കിയാല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.

സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജനറല്‍സെക്രട്ടറിയ സീതാറാം യെച്ചൂരിയെ വരുതിക്കു നിറുത്തിയിരിക്കുന്ന ആളുമായ പ്രകാശ് കാരാട്ടിന്റെ വക്രബുദ്ധിക്ക് എതിരായിരിക്കും ആ ഫോര്‍മുല ഇവിടെ നടപ്പായാല്‍. ഇപ്പോള്‍ ഭരിക്കുന്ന മുന്നണിയിലെ സി.പി.എമ്മും പ്രതിപക്ഷത്തെ കോണ്‍ഗ്രസും തുല്യശക്തികളല്ലെങ്കിലും പ്രധാന പാര്‍ട്ടികള്‍ അവരാണ്. ഇവിടെ ആര്‍ ആര്‍ക്ക് പിന്തുണ നല്‍കണം?. നിയമസഭാതിരഞ്ഞെടുപ്പ് ഇനിയും മൂന്നുവര്‍ഷത്തിലേറെ അകലെയിരിക്കുന്ന കേരളത്തില്‍ അതെച്ചൊല്ലി ചിന്തിച്ചു തലപുണ്ണാക്കേണ്ട. അപ്പോള്‍ പ്രധാനം 2019ലെ ഇരുപതു സീറ്റുകളിലേക്കുള്ള ലോകസഭാ തിരഞ്ഞെടുപ്പാണ്. 540 സീറ്റുള്ള ലോകസഭയിലേക്കു ഇവിടത്തെ 20 സീറ്റ് നക്കാപ്പിച്ചയാണ്.

ആ നിലയ്ക്കായാലും ഇവിടത്തെ സീറ്റിന്റെ ബലത്തില്‍ കാരാട്ടിനോ യെച്ചൂരിക്കോ പിണറായിക്കോ ദേശീയതലത്തില്‍ വലിയ വീമ്പിളക്കലിനൊന്നും കോപ്പില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്നത് ഈ ഇരുപതുസീറ്റും ഒരു മുന്നണിയിലേക്ക് തൂത്തുപെറുക്കാന്‍ വഴിയൊരുക്കുക എന്നതാണ്. സി.പി.എം ഇലക്ഷനെ നയിക്കട്ടെ. കോണ്‍ഗ്രസ് പിന്തുണക്കട്ടെ. ബി.ജെ.പിക്കെതിരെ ഇവിടെ എല്ലാവരും ഒന്നിച്ചതുകൊണ്ട് കാര്യമില്ലെന്നതു ശരിയാണെങ്കിലും അതു ദേശീയ രാഷ്ട്രീയതത്തിന് നല്‍കുന്ന പുതിയൊരു സിഗ്നല്‍ ആയിരിക്കും. ഇവിടെ വേറിട്ടുനിന്ന് മത്സരിച്ചു ജയിച്ചാലും കേന്ദ്രത്തില്‍ മോദിക്കെതിരെ ഒന്നിക്കുമല്ലോ. അതു പോരേ? ഈ ന്യായവും ശരിതന്നെ.

പക്ഷേ, നേരത്തെ ജനങ്ങളോടു തുറന്നുപറയുന്നതാണ് രാഷ്ട്രീയാന്തസ്സ്. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഞങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നു എന്ന് കാണിച്ചുകൊടുക്കേണ്ടത് ഇവിടെയാണ്. കോണ്‍ഗ്രസിനല്ല അതിന്റെ ആവശ്യം. ഇന്ത്യയില്‍ ഭരണമുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ നിന്നു വേണം സി.പി.എം ഒരു പുതിയ രാഷ്ട്രീയ പടയോട്ടം ആരംഭിക്കാന്‍. അതിനു കാരാട്ടിന്റെ വികടബുദ്ധിയും വച്ചുകൊണ്ടിരുന്നാല്‍ കാര്യമില്ല.