ഒടുവില്‍ മാണി എത്തേണ്ടിടത്ത് എത്തി

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി ഒടുവില്‍ എത്തേണ്ടിടത്ത് തന്നെ എത്തി. യു.ഡി.എഫിന്റെ ക്യാമ്പില്‍ ചേര്‍ന്നിരിക്കുകയാണ് മാണിയും സംഘവും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നത് മാണിക്ക് പിടിവള്ളിയായി. കോണ്‍ഗ്രസില്‍ നിന്നുള്ള തിക്താനുഭവങ്ങളില്‍ മനംനൊന്ത് യു.ഡി.എഫ് വിട്ടതാണ്. അമ്മാത്തുനിന്ന് ഇറങ്ങുകയും ചെയ്തു, ഇല്ലത്തെത്തിയതുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു മാണി. യു.ഡി.എഫ് വിട്ടപ്പോള്‍ ഉടനെയൊന്നും എല്‍.ഡി.എഫില്‍ കയറാമെന്ന അതിമോഹമൊന്നും മാണിക്കുണ്ടായിരുന്നില്ല. എന്നാല്‍, താമസിയാതെ ആ കൂടാരത്തില്‍ ചേക്കേറാമെന്ന ആശയുണ്ടായിരുന്നു. അതിനുള്ള പോസിറ്റീവ് സിഗ്നലുകള്‍ സി.പി.എം ക്യാമ്പില്‍ നിന്ന് ഉണ്ടാകുകയും ചെയ്തു. ബാര്‍കോഴ, ബജറ്റ് കോഴ തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ കാരണം മാണിയെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത വണ്ണം നാറ്റക്കേസായ പ്രതിഷേധത്തിലൂടെ തടഞ്ഞ് പുതുചരിത്രം കുറിച്ച എല്‍.എഡി.എഫ് വെറും രണ്ടുവര്‍ഷത്തിനകം സമ്മര്‍സാള്‍ട്ട് അടിക്കുന്ന കാഴ്ച കണ്ട് ജനം ഞെട്ടിത്തരിച്ചുനില്‍ക്കുന്നതിനിടെയാണ് പുതിയ ബാന്ധവത്തിന് തയ്യാറെടുത്തത്. സി.പി.ഐ എന്നാല്‍ ഉറച്ച നിലപാടെടുത്ത് ആ പുതു സഖ്യത്തെ അട്ടിമറിച്ചു.

മാണിയുടെ വോട്ട് കൂടി വാങ്ങി ജയം എളുപ്പമാക്കാമെന്നായിരുന്നു സി.പി.എമ്മിന്റെ വിചാരം. സി.പി.ഐ വിരോധം സി.പി.എ ം കാര്യമാക്കിയില്ലെങ്കിലും, ഒടുവില്‍ അവസാനത്തെ ആണി അടിച്ചത് വി.എസ്.അച്യുതാനന്ദനായിരുന്നു. മാണിയുടെ വോട്ടില്ലാതെ തന്നെ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നും മാണിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം മണ്ഡലത്തില്‍വച്ച് തുറന്നടിച്ചു. മാണിക്ക് പിന്നെ രക്ഷയില്ലാതായി. വി.എസിന് പാര്‍ട്ടിയില്‍ ഗ്രിപ്പ് ഇല്ലെങ്കിലും ജനമനസ്സിലെ സ്ഥാനം ചെങ്ങന്നൂരിലും ഉപയോഗപ്പെടുത്താനാണ് അവസാന നിമിഷം അദ്ദേഹത്തെ രംഗത്തിറക്കിയത്.

സി.പി.എം തങ്ങളെ പറ്റിക്കുകയാണെന്ന് മനസ്സിലാക്കാന്‍ മാണി വൈകിയെങ്കിലും ഒടുവില്‍ തിരിച്ചറിഞ്ഞു. എല്‍.ഡി.എഫിലേക്ക് പോയാല്‍ തന്നെ ആദ്യം ഫുട്‌ബോര്‍ഡില്‍ നില്‍ക്കാനേ കഴിയൂ. എത്രനാള്‍ നില്‍ക്കേണ്ടി വരും? കുറഞ്ഞപക്ഷം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും നില്‍ക്കേണ്ടിവരും. അതുകഴിഞ്ഞ് മകന്‍ ജോസ് കെ. മാണിക്കു വേണ്ടി കോട്ടയം ലോക്‌സഭാ സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.എം തയ്യാറാകുമോ? ഒരു നിശ്ചയമില്ലൊന്നിനും. അഥവാ എല്‍.ഡി.എഫില്‍ പോയില്ലെങ്കിലും ചെങ്ങന്നൂരില്‍ പിന്തുണ കൊടുത്ത് ശക്തിതെളിയിക്കാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു മാണി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മാണിയെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. എല്‍.ഡി.എഫിന് പിന്തുണ കൊടുത്താല്‍ പാര്‍ട്ടി പിളരും. പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം മാത്രമല്ല, മാണിയുടെ കൂടെ നില്‍ക്കുന്ന പ്രൊഫ. ജയരാജ് ഒഴികെയുള്ള എം.എല്‍.എമാരും ജോസഫിന്റെ കൂടെ പോകും. പിളര്‍പ്പുണ്ടായാല്‍ അച്ഛനും മകനും മാത്രമുള്ള പാര്‍ട്ടിയായി മാറും കേരള കോണ്‍ഗ്രസ് (എം).

ഈ അപകടം മാണി മനസ്സിലാക്കി മനം നൊന്തിരിക്കുമ്പോഴാണ് രക്ഷകരായി ഉമ്മന്‍ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയുമെത്തിയത്. പാലായിലെ വീട്ടില്‍ച്ചെന്ന് കണ്ട് മാണിയെ ഒരിക്കല്‍കൂടി അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടിരിക്കുകയാണ്. കൂടെപ്പോയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സനും വലിയ റോളൊന്നുമില്ലായിരുന്നു. പ്രത്യേകിച്ച് ഹസ്സന്. എന്നാല്‍, ചെന്നിത്തലയ്ക്ക് റോളുണ്ടായിരുന്നു. ചെന്നിത്തലയോടായിരുന്നു മാണിക്ക് കൂടുതല്‍ ദേഷ്യം. ചെന്നിത്തലയുടെയും മറ്റും നിലപാട് കാരണമാണ് മാണി യു.ഡി.എഫ് വിട്ടത്. പലപ്പോഴും മാണി അതു സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍, അനുനയസംഘത്തില്‍ ചെന്നിത്തലയുടെ പങ്ക് നിര്‍ണായകമായിരുന്നു. മാണി കിട്ടിയ അവസരം ഉപയോഗിച്ച് ചെന്നിത്തലയെ അപമാനിക്കുകയും ചെയ്തു. മറ്റു മൂന്നു പേര്‍ക്കും ഹസ്തദാനം നല്‍കിയ മാണി ചെന്നിത്തലയയ്ക്ക് കൈനീട്ടിയില്ല. രമേശ് ചമ്മുകയും ചെയ്തു. വീട്ടിലെത്തിയ ചെന്നിത്തലയെ ഇങ്ങനെ അപമാനിക്കുക വഴി മാണിയുടെ നെഞ്ചിലെ കല്ലിറങ്ങുകയും ചെയ്തു.

മാണിക്ക് ഇത്രയേറെ ബഹുമാനം ഇനി കിട്ടാനുണ്ടോ? പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി പിന്തുണ തേടിയത് ചില്ലറ കാര്യമല്ല. മാണിയുടെ വോട്ടിന്റെ വില അവര്‍ക്കറിയാം. മാണിയുടെ വോട്ടില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ ജയിച്ചേക്കാം. എന്നാല്‍, ഇനി വിജയകുമാര്‍ വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാണിക്കുപോകും. എന്നാലും, മാണിയുടെ മുന്നില്‍ കീഴടങ്ങാന്‍ യു.ഡി.എഫ് നേതാക്കള്‍ തയ്യാറായത് അവരുടെ ദീര്‍ഘവീക്ഷണത്തിന് നിദര്‍ശനമാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാനമായും ഉന്നം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ തോല്പിച്ചാലും ജയിപ്പിച്ചാലും ജോസ് കെ. മാണിക്ക് സീറ്റുകൊടുക്കേണ്ടിവരും. അതിനോടുള്ള എതിര്‍പ്പ് സീറ്റുമോഹികളായ കോണ്‍ഗ്രസിലെ ഭൈമീകാമുകര്‍ക്കു മാത്രമാണ്. എന്നാല്‍, അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിനെ വേണ്ടെന്നു വയ്ക്കാനാവില്ല. മദ്ധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ മാണി കേരള നിര്‍ണയാകമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് അറിയാം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളാണ് എക്കാലവും യു.ഡി.എഫിന്റെ കോട്ടകള്‍. അവിടെ വിള്ളല്‍ വീണാല്‍ ജയം അസാദ്ധ്യം. അതറിയാവുന്നതിനാലാണ് മാണിയെ കൂട്ടാന്‍ കോടിയേരിയും പിണറായിയും ശ്രമിച്ചത്. അതിനാല്‍തന്നെയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒലിവിലയുമായി എത്തിയതും.