ഇവരെയെല്ലാം എങ്ങനെ താങ്ങുമെന്റയ്യപ്പോ….

ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാം മത വിശ്വാസിയായ ഒരു ഇടതുപക്ഷ അനുഭാവി തന്റെ മതേതര മുഖം ഒരിക്കല്‍ കൂടി പുറത്തു കാട്ടാനായി അയ്യപ്പസേവാ സംഘം സംഘപരിവാറുമായി ബന്ധമുള്ള സംഘടനയല്ലെന്നും മതേതര സ്വഭാവമാണ് അവര്‍ക്കുളളതെന്നും പറയുകയുണ്ടായി. അപ്പോള്‍ ഈ ലേഖകന്‍ പറഞ്ഞത്, ‘ അയ്യപ്പന്‍ സെക്കുലര്‍ ആണ്, അയ്യപ്പസേവാ സംഘം സെക്കുലര്‍ അല്ല’ എന്നാണ്. ഇപ്പോള്‍ ഇതു ഓര്‍ക്കാന്‍ കാരണം ശബരിമലയില്‍ മൂന്നുദിവസമായി നടന്ന ദേവപ്രശ്‌നത്തില്‍ ‘പൊന്തിവന്ന’ (ഈ പ്രയോഗം ഒരു പ്രമുഖ പത്രത്തിന്റേതാണ്) കാര്യങ്ങളെക്കുറിച്ച് അറിഞ്ഞതാണ്.

അയ്യപ്പന്‍ യുക്തിവാദിയെന്നോ യുക്തിവാദി സംഘടനയില്‍ മെമ്പര്‍ഷിപ്പ് ഉള്ള ദേവനെന്നോ ഉള്ള അര്‍ത്ഥത്തിലല്ല സെക്കുലര്‍ എന്ന് ഞാന്‍ പറഞ്ഞത്. ഇന്ത്യയില്‍ തീര്‍ത്തും മതേതര സ്വഭാവമുള്ള ഒരു ദേവനാണ് ശബരിമലയില്‍ ഉള്ള അയ്യപ്പന്‍. ശബരിമല ഒരു ഹിന്ദു ക്ഷേത്രമല്ല. പ്രമുഖ ചരിത്ര പണ്ഡിതനും പത്രാധിപരുമായിരുന്ന കേസരി എ.ബാലകൃഷ്ണപിള്ള കണ്ടെത്തിയത് അതൊരു ബുദ്ധമത ക്ഷേത്രമായിരുന്നു എന്നാണ്. പില്‍ക്കാലത്ത് ബ്രാഹ്മണ്യം തട്ടിയെടുത്ത ഒരു ക്ഷേത്രം. അയ്യപ്പന്‍ സെക്കുലര്‍ ആയതുകൊണ്ടു മാത്രമാണ് ക്രിസ്ത്യാനിയായിരുന്ന (ഇപ്പോള്‍ അദ്ദേഹം ഹിന്ദുവാണല്ലോ) യേശുദാസിനും മുസ്ലിം സഹോദരങ്ങള്‍ക്കുമെല്ലാം അവിടെ കയറാന്‍ കഴിയുന്നത്. അയ്യപ്പന്റെ വശത്തുതന്നെ വാവരു സ്വാമിക്ക് ഇരിക്കാന്‍ കഴിയുന്നത്. ഇതൊക്കെ മാച്ചുകളഞ്ഞ് അവിടം ഹിന്ദുക്കള്‍ക്കു മാത്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കാതെ പോകുന്നത് അയ്യപ്പന്‍ എന്ന ഒരൊറ്റ ദേവന്റെ നിലപാട് കാരണമാണ്.

അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്ന, അല്ലെങ്കില്‍ പുരാണകാലത്തെന്ന് വിശ്വാസികള്‍ കരുതുന്ന കാലത്തേ പിറന്ന അയ്യപ്പന്റെ പേര് ഒരു സര്‍ക്കുലറിലൂടെ അടുത്തിടെ മാറ്റാന്‍ നിര്‍ദ്ദേശിച്ച ഒരു ദേവസ്വം ബോര്‍ഡ് ഉണ്ടായിരുന്നു. ദൈവത്തിന് പേരൊന്നും കാര്യമില്ല. നാമരരഹിതനായി ആരെങ്കിലും ഉണ്ടെങ്കില്‍ അതാണ് ദൈവം.

അയ്യപ്പന്‍ സാക്ഷാല്‍ പരിസ്ഥിതി വാദിയായിരുന്നു എന്ന് പന്തളം കൊട്ടാരത്തിലുള്ളവരെങ്കിലും സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. പണ്ട് പോറ്റമ്മയ്ക്ക് തലവേദന വന്നപ്പോള്‍ പുലിപ്പാല് തേടി ശബരിക്കാട്ടില്‍ എത്തിയ അയ്യപ്പന് വേണമെങ്കില്‍ പാലുകറന്നെടുത്ത് പുലിയെ വേട്ടയാടി കൊല്ലാമായിരുന്നു. കാട് സംരക്ഷിക്കാനാണ് അയ്യപ്പന്‍ ശ്രമിച്ചത്. പുലിപ്പുറത്ത് കയറി അയ്യപ്പന്‍ കൊട്ടാരത്തിലെത്തിയെന്നാണ് ഐതിഹ്യം.പുലിയെക്കണ്ട പാടെ തമ്പുരാട്ടിക്ക് രോഗം മാറുകയും ചെയ്തു. പിന്നീട് അയ്യപ്പന് പുലികളും കടുവകളും ആനകളും വിഹരിക്കുന്ന കൊടുങ്കാട്ടില്‍ ക്ഷേത്രം പണിതപ്പോള്‍ വളരെ ദു:ഖിച്ചിരിക്കണം അയ്യപ്പന്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന കേന്ദ്ര വനം-വന്യജീവി സംരക്ഷണനിയമത്തില്‍ കൂടുതല്‍ സന്തോഷിച്ചതും ആ ദേവനായിരിക്കണം. കാരണം, ആ നിയമം കാരണമാണല്ലോ ശബരിമലയില്‍ ടൂറിസം തീര്‍ത്ഥാടനം നടക്കാതെ പോയത്. അതുകൊണ്ടാണല്ലോ, കാടു കൂടുതല്‍ കയ്യേറാതെ അവശേഷിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ രാജ്യമെമ്പാടും നിന്നു വന്ന് പുരിഷം തള്ളിയിട്ടുപോയിട്ട് ഇ-കോളി ബാക്റ്റീരിയ കലര്‍ന്ന കുടിവെള്ളം പമ്പയിലൂടെ നാലുജില്ലക്കാര്‍ കുടിച്ചുജീവിച്ചിട്ടും കാട്ടിലെ ആനകള്‍ക്കും പുലികള്‍ക്കും കടുവകള്‍ക്കും മറ്റു വന്യജീവികള്‍ക്കും കാവല്‍ക്കാരനായി അയ്യപ്പന്‍ ഇന്നുമുണ്ട്.

പക്ഷേ, അയ്യപ്പന്റെ ഇപ്പോഴത്തെ വലിയ ശത്രുക്കള്‍ ജ്യോത്സ്യന്മാരാണ്. അവര്‍ ദൈവജ്ഞരാണെന്നാണ് പറയുന്നത്. അതായത് ദൈവത്തെ അറിയുന്നവര്‍. എന്നാല്‍, അയ്യപ്പനെ അറിയുന്നവര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ദേവപ്രശ്‌നമെന്ന പേരില്‍ അവര്‍ എഴുന്നള്ളിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേത് നോക്കാം. ആറാട്ടിനും പള്ളിവേട്ടയ്ക്കും ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കിയതു മൂലം അയ്യപ്പന് കടുത്ത അഹിതം ഉണ്ടത്രെ. പരമ്പരാഗതമായി ആനയെ എഴുന്നള്ളിച്ചില്ലെങ്കില്‍ അതൃപ്തി ഉണ്ടാകുമെന്നും വിധിക്കുന്നു. കഴിഞ്ഞ ഉത്സവ ഘോഷയാത്രിക്കിടെ ആനയിടയുകയും തിടമ്പ് താഴെ വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇടതുപക്ഷനേതാക്കള്‍ ഭരിക്കുന്ന ദേവസ്വംബോര്‍ഡ് ദേവപ്രശ്‌നം വയ്പിച്ചത്. ഒമ്പതു ജ്യോത്സ്യന്മാര്‍ നിരന്നിരുന്നാണ് കവടി നിരത്തിയത്.

ആനയിടഞ്ഞതെന്തുകൊണ്ട് എന്ന് കവടി നിരത്തി അറിയേണ്ട കാര്യമില്ല. സംഗതി വളരെ സിമ്പിള്‍. പതിനായിരക്കണക്കിന് ആളുകളെ കാട്ടില്‍ കണ്ടാല്‍ നാട്ടാനകള്‍ പോലും വിരണ്ടുപോകും. ആനയെ വാരിക്കുഴിയില്‍ വീഴ്ത്തി താപ്പാനകളെക്കൊണ്ട് കരയ്ക്കുകയറ്റി നാട്ടുമുറകളെല്ലാം പഠിപ്പിച്ചുവിട്ടാലും അതിന്റെ വന്യസ്വഭാവവും പ്രകൃത്യാലുള്ള മൗലികഭാവങ്ങളും മാഞ്ഞുപോകില്ലല്ലോ.

നാല് ഉണക്ക ആനകളെ തന്റെ മുന്നില്‍ എഴുന്നള്ളിക്കണമെന്ന് അയ്യപ്പന്‍ ഒരിക്കലും ആഗ്രഹിക്കില്ല. കാരണം, അയ്യപ്പന്റെ ചുറ്റുമുള്ള കാടുകളില്‍ സഹ്യന്റെ മക്കള്‍ ധാരാളം എഴുന്നള്ളി നടക്കുന്നുണ്ട്. അവയ്ക്ക് തിന്നാന്‍ പ്ലാസ്റ്റിക്കുമായി വരുന്ന തീര്‍ത്ഥാടകരെയാണ് അയ്യപ്പന് ഭയം.

ജ്യോത്സ്യന്മാരുടെ മറ്റൊരു കണ്ടുപിടിത്തം രസകരമാണ്. സന്നിധാനത്തെ ഗണപതിഹോമ മണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗണപതിയുടെ പ്രതിമ പട്ടിണിയിലാണ്. ഒപ്പം ചൂടു സഹിക്കാനും കഴിയുന്നില്ലത്രെ. പമ്പയിലും ഗണപതി പട്ടിണിയാണ്. അവിടെ നേദ്യ സമര്‍പ്പണം പോലും കൃത്യമായി നടക്കുന്നില്ലത്രെ. രണ്ടിടത്തെയും ഗണപതിമാര്‍ പട്ടിണിയാണെങ്കില്‍ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരവുള്ള ശബരിമലയില്‍ ഗണപതിക്ക് ഒരു കുല പഴമെങ്കിലും വാങ്ങിക്കൊടുക്കാത്ത കുറ്റത്തിന് അധികാരികളെ ശിക്ഷിക്കേണ്ടതാണ്. പിന്നെ ചൂടിന്റെ കാര്യം. എങ്ങനെ ചൂടടിക്കാതിരിക്കും. സന്നിധാനത്ത് തൊട്ടടുത്തല്ലേ വലിയ ആഴി കത്തുന്നത്. ആ ചൂടില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും. മണ്ഡപം എ.സിയാക്കുകയേ മാര്‍ഗ്ഗമുള്ളൂ.
മാളികപ്പുറത്തമ്മയ്ക്ക് ‘ പ്രബലമായ’ ക്ഷോഭമുണ്ടെന്നാണ് ദേവപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രം തലക്കെട്ടിട്ടത്. മാളികപ്പുറത്തമ്മയ്ക്ക് ക്ഷോഭമുണ്ടായത് എന്തിനെന്നല്ലേ. ബോര്‍ഡിന്റെ പക്ഷപാത നയം മൂലമാണ്. അയ്യപ്പസ്വാമിക്ക് കിട്ടുന്ന പ്രാധാന്യം തനിക്കു കിട്ടുന്നില്ലെന്നാണ് അമ്മയുടെ പരിഭവം. ഭക്തര്‍ അയ്യപ്പനെ പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്തിട്ട് അമ്മയെ തഴയുന്നു. അയ്യപ്പന്‍ തന്നെ കല്യാണം കഴിച്ചില്ലെങ്കിലും, ഒരു ഭാര്യക്ക് കിട്ടുന്ന പരിഗണന തനിക്കും കിട്ടണമെന്ന് ആഗ്രഹിക്കാന്‍ അമ്മയ്ക്ക് അവകാശമുണ്ട്.

ഇനിയും നിരവധി കാര്യങ്ങള്‍ ദൈവജ്ഞര്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. എന്തായാലും ഇതിനെല്ലാം കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാറ്റിനു കുറ്റവാളി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണെങ്കില്‍ എത്രയും പെട്ടെന്ന് വിജിലന്‍സ് കേസെടുക്കണം.