ഒരു സിംഹക്കുട്ടിയും കുറെ നരമൃഗങ്ങളും

കേരളം നരമൃഗങ്ങളുടെ നാടാവുകയാണോ? അല്ലെന്ന് നെഞ്ചില്‍ കൈവച്ച് ആണയിടാന്‍ പറ്റാത്ത വിധം മനുഷ്യന്റെ ജീവനും വിലയും കെടുത്തിക്കൊണ്ടിരിക്കുകയാണ് കുറെപ്പേര്‍. അതില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, നാട്ടിലെ കണ്ണില്‍ച്ചോരയില്ലാത്ത സമൂഹവുമുണ്ട്.
അടുത്തിടെ ഉണ്ടായ രണ്ടു കൊലപാതസംഭവങ്ങളെ വിലയിരുത്തിയാല്‍, മനുഷ്യത്വത്തിന് പുല്ലുവില കല്പിക്കുന്നവരുടെയും മനുഷ്യജീവന് കാല്‍ക്കാശിന്റെ വില കല്പിക്കാത്തവരുടെയും തനി നിറം പുറത്തുവന്നതു കാണാം. ഒപ്പം, ഒരു ഹിംസ്രമൃഗം കാണിച്ച ഔദാര്യം പോലും മനുഷ്യമൃഗങ്ങള്‍ കാണിക്കാതെ പോയതിന്റെ ഞെട്ടിക്കുന്ന സത്യവും നാം അനുഭവിച്ചു.

കണ്ണൂരിലെ പതിവു കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കൊലപാതകമായിരുന്നു ഷുഹൈബ് എന്ന യുവാവിന്റെ ജീവനെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു കൊച്ചുനേതാവായിരുന്നു ഷുഹൈബ്. സി.പി.എം പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശാനുസരണമാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. മുപ്പതിലേറെ വെട്ടുവെട്ടിയിട്ടും കലി തീരാതെ ബോംബേറും നടത്തിയാണ് ഷുഹൈബിനെ കൊന്നത്. എന്തിനായിരുന്നു ഷുഹൈബിനെ കൊന്നത്. യഥാര്‍ത്ഥ കാരണമെന്തായിരുന്നു? ഇനിയും പുറത്തുവന്നിട്ടില്ല അത്. എന്നാല്‍ പല കാരണങ്ങള്‍ പറയുന്നതാകട്ടെ, വലിയ കഴമ്പില്ലാത്തവയും. ഒരു യുവാവിനെ കരിമ്പുവെട്ടുന്നതുപോലെ വെട്ടിക്കൊല്ലാന്‍ മാത്രം ഗൗരവമുള്ള കാര്യങ്ങളാണോ അത്.

ഷുഹൈബ് എന്ന യുവാവ് സി.പി.എമ്മിനോ അതുയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തങ്ങള്‍ക്കോ എന്തെങ്കിലും ദോഷം പ്രവര്‍ത്തിച്ചോ? സി.പി.എം പ്രവര്‍ത്തകരെയാരെയെങ്കിലും കൊല്ലുകയോ തല്ലുകയോ ചെയ്തിട്ടുണ്ടോ? അങ്ങനെയൊന്നും പറഞ്ഞുകേട്ടില്ല. എന്നിട്ടും കൊലപാതകം നടത്തിയതിന്റെ കുറ്റബോധമോ അതില്‍ ലവലേശമെങ്കിലും സങ്കടമോ പ്രകടിപ്പിച്ചുകണ്ടില്ല. കണ്ണൂര്‍ പ്രദേശത്ത് സി.പി.എമ്മിന്റെ വളര്‍ച്ചയെ തടയാന്‍ ഷുഹൈബ് എന്ന യുവാവിനെക്കൊണ്ട് കഴിയുമായിരുന്നോ?

കേരളത്തില്‍ വല്ലാത്ത സങ്കടവും രോഷവും ഉണര്‍ത്തിയ കൊലപാതകമായി അതു മാറി. എല്ലാവരും സങ്കടപ്പെട്ടു, ഹൃദയത്തില്‍ നൊമ്പരത്തിന്റെ ആളല്‍ അനുഭവിക്കാത്തവര്‍ കുറവായിരിക്കും; കൊന്നവരും കൊല്ലിച്ചവരുമൊഴികെ.
രണ്ടാമത്തെ കൊലപാതകം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മുക്കാലി എന്ന സ്ഥലത്ത് ഒരുകൂട്ടം നരമൃഗങ്ങള്‍ മധു എന്ന ആദിവാസി യുവാവിനെ പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി തല്ലിക്കൊല്ലുകയായിരുന്നു. കുറെ അരിയും മുളകും മോഷ്ടിച്ചതിനായിരുന്നു കൊലപാതകം. മാനസിക രോഗമുള്ള യുവാവ് വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ കടയില്‍ നിന്ന് അല്പം അരി മോഷ്ടിച്ചതിനാണ് അടിച്ചുകൊന്നത്.

തല്ലിക്കൊല്ലുക മാത്രമല്ല, ആ ദൃശ്യങ്ങള്‍ പകര്‍ത്തി ആത്മരതിയുടെ പുതിയ പ്രകാശനഭൂമികയായ സാമൂഹ്യ മാധ്യമങ്ങളില്‍ അത് പോസ്റ്റ് ചെയ്ത് ഞെളിയാന്‍ നോക്കുകയും ചെയ്തു. എന്തൊരു ക്രൂരതയാണിത്? സമൂഹത്തിന്റെ കാടകങ്ങളില്‍ ഒതുക്കപ്പെട്ട,് പട്ടിണിയും രോഗങ്ങളുമായി കഴിയാന്‍ വിധിക്കപ്പെട്ട ആദിവാസികളുടെ ദൈന്യത എത്രയോ കാലമായി തുടരുകയാണ്. ആയിരത്തിലേറെ കോടി രൂപ ഇതിനകം ‘ചെലവിട്ട’ അട്ടപ്പാടിയില്‍ ആദിവാസികളുടെ സ്ഥിതി അല്പംപോലും മെച്ചപ്പെട്ടിട്ടില്ല. പണത്തിന്റെ ഒട്ടുമുക്കാലും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്കാണ് പോകുന്നതെന്ന് അറിയാത്തവരാരുണ്ട്?
വിശപ്പുസഹിയാഞ്ഞിട്ട് അരി മോഷ്ടിച്ചവനെ അടിച്ചുകൊല്ലുന്നത് ഉത്തരേന്ത്യയില്‍പ്പോലും നടക്കാത്ത കാര്യമാണ്.

കേരളം എങ്ങോട്ടാണ് പോകുന്നത്? ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് നടന്നതെന്ന് കാണുമ്പോള്‍ നാണക്കേടിന്റെ അളവു കൂടുകയും ചെയ്യുന്നു. രണ്ടു കൊലപാതകങ്ങളോടും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ രണ്ടു കൊലപാതകങ്ങള്‍ നടത്തിയവരും അവരുടെ നരമൃഗത്വം പുറത്തെടുത്തപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലെ രണ്ടു വയസ്സു പ്രായമുള്ള ഒരു സിംഹിണി ‘മനുഷ്യത്വം’ പുറത്തെടുത്ത സംഭവം വലിയ കൗതുകം പകര്‍ന്നു. സിംഹത്തെ പാര്‍പ്പിച്ചിരുന്ന തുറന്ന കൂട്ടിലേക്ക് എടുത്തു ചാടിയ മാനസിക രോഗിയും മദ്യപാനിയുമായ മുരുകന്‍ എന്ന പാലക്കാട്ടുകാരന്‍ ജീവനോടെ തിരികെ വന്നത് ഹിംസ്ര ജന്തുവിന്റെ കാരുണ്യത്തിലാണ്.

സിംഹം ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ അവയുടെ പാര്‍പ്പിടത്തിലേക്കു ചെന്നു വീഴുന്ന ജീവികളെ, അതു മനുഷ്യനായാലും മറ്റു ജന്തുക്കളായാലും വെറുതെ വിടാറില്ല. അങ്ങോട്ടുചെന്നു വായില്‍പ്പെടുന്നവരെ അവ ആക്രമിച്ചാല്‍ അവയെ കുറ്റപ്പെടുത്താനുമാവില്ല. വന്യത്വം അവരുടെ സ്വഭാവമാണ്. എന്നിട്ടും തലസ്ഥാനത്തെ ഗ്രേസി എന്ന സിംഹം മനുഷ്യത്വത്തോടെ പെരുമാറിയതിനാല്‍ യുവാവിന് ജീവന്‍ മടക്കിക്കിട്ടി. മനുഷ്യന്‍ മനുഷ്യമാംസം കവര്‍ന്നെടുക്കാന്‍ മടിക്കാത്തയിടത്താണ് ഒരു മൃഗം മനുഷ്യമാംസം വേണ്ടെന്നു വച്ചത്.