കാല്‍ക്കഴഞ്ചിന്റെ നാണമുണ്ടെങ്കില്‍ ശിവന്‍കുട്ടിയും മറ്റും ഏത്തമിടണം

‘അഴിമതി വീരനായ’ കെ.എം.മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബഡ്ജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ രണ്ടുവര്‍ഷം മുമ്പ് നിയമസഭയില്‍ നടത്തിയ ‘കുത്തിയോട്ടവും വില്ലിന്മേല്‍ തൂക്കവും’ ശൂ…. എന്നു പറഞ്ഞ് തൂത്തെറിയാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു നാണവുമില്ലാതെ ശ്രമിക്കുന്നത്. വി.ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുണ്ടുംപൊക്കി മേശമേല്‍ചാട്ടവും അട്ടഹാസവും നടത്തുന്ന കാഴ്ച ലൈവായി ടെലിവിഷനിലൂടെ ലോകര്‍ കണ്ടതാണ്.

തലേദിവസം രാത്രിതന്നെ കണ്ണിലെണ്ണയൊഴിച്ച് പ്രസ് ഗ്യാലറിയില്‍ വെളുക്കുവോളം ഉറക്കമിളച്ചിരുന്ന് രാവിലെത്തെ കലാപരിപാടികള്‍ കണ്ടവരില്‍ ഈ ലേഖകനും ഉള്‍പ്പെടും. നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ രജതജൂബിലി കഴിഞ്ഞതിന് സര്‍ക്കാര്‍ ആജീവനാന്ത മീഡിയ പാസ് തന്നവരില്‍ ഒരാളുമാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഇന്നേവരെ അതുപോലെ ഒരു കാഴ്ച വേറെ കണ്ടിട്ടില്ല. സഭാനാഥന്റെ കൂറ്റന്‍ കസേര കാളക്കൂറ്റനെപ്പോലെ ഒരു എം.എല്‍.എ കുത്തിമറിച്ചിട്ട കാഴ്ച ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചു പറയുന്ന രാഷ്ട്രീയക്കോമരങ്ങളുടെ തനിനിറം വെളിപ്പെടുത്തുന്നതായിരുന്നു.

ആ കാഴ്ച നാട്ടുകാര്‍ അത്ര പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, ജനത്തിന് ‘ദ്രുതമറവി’ രോഗമുണ്ടെന്നാണ് ഭരണാധികാരികള്‍ കരുതുന്നത്. അല്ലെങ്കില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന സഭയ്ക്കുള്ളിലെ അക്രമങ്ങളുടെ പേരിലെടുത്ത കേസ് എഴുതിത്തള്ളാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുനിയുമായിരുന്നില്ലല്ലോ. സഭാനാഥന്റെ കസേരയിളക്കിമറിച്ചതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ മൂന്നുലക്ഷത്തോളം രൂപയുടേതാണെന്ന് കഴിഞ്ഞ ദിവസം വിവരാവകാശനിയമ പ്രകാരം വിവരം പുറത്തുവന്നിരുന്നു. എം.എല്‍.എമാര്‍ക്കെതിരെ എടുത്ത കേസ് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഈ തുക ഈടാക്കാവുന്നതാണ് കേസ്. അതാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

വാസ്തവത്തില്‍ വിലമതിക്കാനാകാത്ത സഭയുടെ അന്തസ്സിന്റെ മൂല്യമല്ലേ ഇടിഞ്ഞുപോയത്. അതിന് മൂന്നുലക്ഷമല്ല, മുപ്പതുകോടി വിലയിട്ടാലും മതിയാകുമോ? ഇതിലൊക്കെ രസകരമായിട്ടുള്ളത്, രണ്ടുവര്‍ഷം മുമ്പ് ആര്‍ക്കെതിരെയാണോ ഈ കാലഭൈരവ വേഷം കെട്ടിയാടിയത് അതേ നേതാവിനെ തോളിലേറ്റി നടക്കാന്‍ ഒരുങ്ങുകയാണ് സി.പി.എം നേതാക്കള്‍. കെ.എം.മാണിയെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരാമെന്ന പൂതി നടക്കുമോ ഇല്ലയോ എന്നതല്ല, വന്നാലും വരുത്തിയാലും കഴുകിക്കളയാനാകാത്ത കറ

അവശേഷിപ്പിച്ചിരിക്കുകയാണ് സി.പി.എം എം.എല്‍.എമാര്‍ എന്നതാണ് വാസ്തവം. മാണിയെ വിശുദ്ധനാക്കാന്‍ പുണ്യാഹക്രിയകള്‍ നടക്കുകയാണ്. വിജിലന്‍സ് മൂന്നുവട്ടം നല്‍കിയ റിപ്പോര്‍ട്ടിലും മാണിയെ ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇനി കോടതിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, രാഷ്ട്രീയ ധാര്‍മ്മികത വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൊണ്ട് മറയ്ക്കാന്‍ കഴിയുമോ?

നമുക്ക് രണ്ടു കാര്യം ഒരുപാധിയോടെ വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. ആദ്യത്തേത്, എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാം. രണ്ടാമത്തേത്, മാണിയെ ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാക്കാം. ഉപാധി ഇതാണ്: സരിതയ്ക്കുവേണ്ടി എന്നതുപോലെ മാണിക്കുവേണ്ടിക്കൂടി ഒരു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുക. സഭാനാഥനായ സ്പീക്കറുടെ കസേരയ്ക്കു മുമ്പായിട്ട് അതിനേക്കാള്‍ ഉയരത്തില്‍ ഒരു പീഠം ഇടുക. അതില്‍ മാണിയെ കയറ്റിയിരുത്തി പ്രതീകാത്മകമായി കുറെ ബഡ്ജറ്റ് രേഖകള്‍ നല്‍കുക. അപ്പോഴേക്കും മുന്നിലെ ട്രഷറി ബഞ്ചിലെ ഉള്‍പ്പെടെയുള്ള മേശമേല്‍ പ്രസ്തുത എം.എല്‍.എമാരെ കയറ്റി നിറുത്തുക. അവര്‍ മുണ്ടു പൊക്കുകയൊന്നും വേണ്ട. എന്നിട്ട് മാണിയെ നോക്കി സാഷ്ടാംഗം പ്രണമിക്കുക. എന്നിട്ട് പതിനൊന്നു തവണ (നൂറുതവണയൊന്നും വേണ്ട) മുട്ടിപ്പായി എത്തമിടുക. കാല്‍ക്കഴഞ്ച് നാണമെങ്കിലും അവരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ്.