യോഗിക്കെതിരെയുള്ള വീഡിയോ; മാധ്യമപ്രവര്‍ത്തകനെതിരെ വിവിധ വകുപ്പുകള്‍; ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു

yogi-prashanth kanojia

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും. അതെ സമയം പ്രശാന്ത് കനോജിയയ്‌ക്കെതിരെ പോലീസ് പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ശനിയാഴ്ച രാവിലെയാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഐടി ആക്ടിലെ സെക്ഷന്‍ 500,സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹം താനുമായി ഒരു വര്‍ഷമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും കാണ്‍പുര്‍ സ്വദേശിനി അവകാശവാദം ഉന്നയിക്കുന്ന വീഡിയോയാണ് പ്രശാന്ത് തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തത്. ഇത് അപകീര്‍ത്തികരവും അവാസ്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിനെതിരെ കേസെടുത്തത്.

പ്രശാന്ത് കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേർക്കുള്ള കടന്ന് കയറ്റമാണെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഇന്ന് ഉച്ചയ്ക്ക് ദില്ലി പ്രസ്സ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അറസ്റ്റിനെതിരെ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.