വ്യാജനെ മറന്നേക്കൂ; ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ ഇതാണ്

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍. ചന്ദ്രയാൻ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് നൽകിയിരിക്കുന്ന പേര്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം.