വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പ്പെട്ടു, നേട്ടത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 2

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 നിർണായകമായ ഘട്ടവും പിന്നിട്ട് ചരിത്രം കുറിക്കുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വിജയകരമായി വേർപെട്ടു. ഉച്ചക്ക് 1.15നാണ് വിക്രം ലാൻഡറിന്‍റെ വേർപെടൽ പൂർത്തിയായത്. ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥമാറ്റം ഇന്നലെ പൂര്‍ത്തിയായിരുന്നു.

സെപ്തംബർ ഏഴിന് ചന്ദ്രോപരിലത്തിൽ ഇറങ്ങുന്ന വിക്രം ലാന്‍ഡർ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുക്കും. എന്നാൽ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ തുടരും.

ബംഗളൂരുവിലെ ഐഎസ്ആ‌ർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു.

ഓര്‍ബിറ്ററിൽ നിന്നും വേർപ്പെട്ട വിക്രം ലാന്‍ഡർ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിൽ അടുത്ത ഭ്രമണ പഥമായ 109 കിലോമീറ്റര്‍ അടുത്തേക്ക് മാറ്റും. പിന്നാലെ ചന്ദ്രനില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ബുധനാഴ്ചയും ലാന്‍ഡർ മാറും.