ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍; നിർണായക നിമിഷം; ഇനി കാത്തിരിപ്പ് സോഫ്റ്റ് ലാൻഡിംഗിനായി

ബംഗളൂരു: 29 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിയ ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്.

ചാന്ദ്രഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 1738 സെക്കൻഡ് (28.96 മിനുട്ട്) നേരം ഉപഗ്രഹത്തിലെ പ്രപൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ ചന്ദ്ര ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ന് രാവിലെ 9:02 ഓടെയാണ് ഭ്രമണപഥ പ്രവേശനം പൂർത്തിയാക്കിയതെന്ന് ഇസ്റോ അറിയിച്ചു.

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആ‌ർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു.

ഇനി 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.