ചന്ദ്രയാൻ-2: തകരാർ ഉടനെ പരിഹരിക്കും; വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ശ്രീഹരിക്കോട്ട: സാങ്കേതികത്തകരാർമൂലം നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-2ന്റെ വിക്ഷേപണം ഉടനെയുണ്ടാകും. അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഒരുമാസത്തിനുള്ളിൽ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തുവരുന്നതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കൻ‍ഡും ബാക്കി നിൽക്കെയായിരുന്നു ദൗത്യം നിർത്തിവച്ചത്.

സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോൾ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക.

ഇപ്പോഴുണ്ടായ തകരാർ പരിഹരിക്കാൻ ആവശ്യമെങ്കിൽ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിൾ അസംബ്ളി യൂണിറ്റിലേക്ക് കൊണ്ടുപോകും. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങൾകൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കാനാവൂ എന്ന്‌ ഐ.എസ്‌.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു.

റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗൺ നിർത്തിവെച്ച്‌ ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്‌. റോക്കറ്റ് എൻജിനിലെ സമ്മർദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തൽ.

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചാന്ദ്രദൗത്യം വീക്ഷിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാൻ-2 സുരക്ഷിതമാണ്‌. ദ്രവഹൈഡ്രജനും ദ്രവഓക്‌സിജനും റോക്കറ്റിൽനിന്ന് നീക്കം ചെയ്തതിനാൽ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോൾ. സാങ്കേതിക തടസ്സത്തിന്റെ പൂർണ വിശദാംശങ്ങൾ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞർ കണ്ടെത്തും.