ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച 2:43 ന്

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ന്‍റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം.

ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതികത്തകരാര്‍ മൂലം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിവച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്‌നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്‌നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.