ചന്ദ്രയാൻ 2 കുതിച്ചുയർന്നു; ശ്രീഹരിക്കോട്ടയില്‍ നിന്ന് അഭിമാനദൗത്യം 2.43 ന് ഉയർന്നു

ഹൈദരാബാദ്: ആദ്യം കുതിച്ചുയരാൻ നേരിട്ട സാങ്കേതികപ്പിഴവുകള്‍ തിരുത്തി ചരിത്രദൗത്യവുമായി ചന്ദ്രയാന്‍ രണ്ട് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു കൃത്യം 2.43ന് കുതിച്ചുയര്‍ന്നു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഏഴായിരത്തി അഞ്ഞൂറോളം പേർ കാണാനെത്തി. ക്രയോജനിക് എൻജിൻ പ്രവർത്തിച്ചു തുടങ്ങി. പതിനാറാം മിനിറ്റിൽ പേടകം വേർപെട്ടു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള 3.8 ലക്ഷം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപ്പെടുന്ന ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് റോക്കറ്റാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. നിശ്ചയിച്ചതിനേക്കാള്‍ ഏഴുദിവസം വൈകിയാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാന്‍ ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ യാത്രാക്രമം തന്നെ ഐ.എസ്.ആര്‍.ഒ പുനര്‍നിശ്ചയിച്ചിട്ടുണ്ട്.

ആദ്യപദ്ധതി പ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പദ്ധതി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴാക്കി മാറ്റി.