ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ 14 ദിവസംകൂടി ശ്രമം തുടരും

ന്യൂഡൽഹി: ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനായി അടുത്ത 14 ദിവസം കൂടെ ശ്രമം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.

‘നിലവില്‍ ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ അടുത്ത 14 ദിവസം കൂടി ശ്രമം തുടരും. ലാന്‍ഡര്‍ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലാണ് നമുക്ക് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.’ ശിവന്‍ പറഞ്ഞു.

‘വരുംവര്‍ഷങ്ങളില്‍ ഓര്‍ബിറ്ററിലെ പേലോഡില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയ ഉദ്യമത്തില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. സാങ്കേതികത പ്രദര്‍ശനത്തിലാണ് നമ്മള്‍ പരാജയപ്പെട്ടത്.’ ശിവന്‍ പറഞ്ഞു. ‘ ഉദ്യമം ഏതാണ്ട് 100%ത്തോളം വിജയമാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് നമുക്ക് ചന്ദ്രന്റെ പോളാര്‍ മേഖലയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. ലോകത്തിനു തന്നെ ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ വിചാരിച്ച ലക്ഷ്യം കാണാതെ പോയത്.

സംഭവത്തിൽ പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ഐഎസ്ആര്‍ഒയെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA)പ്രശംസിച്ചു. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂര്‍ണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം.