തിരക്കിട്ട നീക്കങ്ങള്‍ നടത്തി ചന്ദ്രബാബു നായിഡു; മമതയുമായി കൂടികാഴ്ച

ന്യൂഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ രാഹുല്‍ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ചന്ദ്രബാബു നായിഡു തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കാണും. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ബംഗാള്‍ സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച.

മെയ് 23-ന് മുന്‍പ് തന്നെ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ബി.ജെ.പി.ക്കെതിരായ സഖ്യധാരണയുണ്ടാക്കാനാണ് ചന്ദ്രബാബു നായിഡു തിരക്കിട്ടനീക്കങ്ങള്‍ നടത്തുന്നത്. തിങ്കളാഴ്ചയിലെ കൂടിക്കാഴ്ചയില്‍ ബി.ജെ.പിക്കെതിരായ മുന്നണിയെക്കുറിച്ച് നായിഡു മമതയുമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞദിവസങ്ങളില്‍ മറ്റുനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രിയോട് വിശദീകരിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പിയ്ക്ക് സാധ്യത വന്നതോടെ പ്രതിപക്ഷസഖ്യത്തിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.

കഴിഞ്ഞ ഒരാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബി.എസ്.പി. അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.