തെലങ്കാനയില്‍ ടിഡിപി നേതാവ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിഡിപി നേതാവ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാല്ല രാമകൃഷ്ണ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു രാമകൃഷ്ണ റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശം.

ആന്ധ്രയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു രാമകൃഷ്ണ റെഡ്ഡി. തല്‍സ്ഥാനവും അദ്ദേഹം രാജിവച്ചു. കോണ്‍ഗ്രസില്‍നിന്നാണ് റെഡ്ഡി ടിഡിപിയില്‍ എത്തിയത്. ആന്ധ്ര വിഭജനത്തിനുശേഷമാണ് അദ്ദേഹം ടിഡിപിക്കൊപ്പം ചേര്‍ന്നത്.

മാര്‍ച്ച് നാലിന് റെഡ്ഡി രാജിക്കത്ത് ചന്ദ്രബാബു നായിഡുവിനു നല്‍കിയതായാണ് വിവരം. കഴിഞ്ഞ ദിവസം ടിഡിപിയുടെ എംഎല്‍എ ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്നിരുന്നു. സാന്ദ്ര വെങ്കട്ട് വീരയ്യയാണ് ടിആര്‍എസില്‍ ചേര്‍ന്നത്.