കേരളത്തിന് പ്രളയ സഹായം ഇല്ല; കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്രസഹായം

ന്യൂ ഡൽഹി: കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്ര സഹായം. പ്രളയത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാനാണ് സംസ്ഥാനങ്ങൾക്ക് സഹായം നൽകിയത്. എന്നാൽ കേരളത്തിന് സഹായം പ്രഖ്യാപിച്ചില്ല. കർണാടകയിലെയും, ബിഹാറിളെയും സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം.

ബിഹാറിന് 400 കോടിയും കർണാടകയ്ക്ക് 1200 കോടിയുമാണ് അനുവദിച്ചത്. ബിഹാറിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള രണ്ടാം ഘഡുവായി 213.75 കോടി കൂടി അമിത് ഷാ അനുവദിച്ചു. ഇതുകൂടിയാകുമ്പോൾ ബിഹാറിന് 613.75 കോടി ലഭിക്കും.

കേരളത്തിൽ 2019 ലെ മൺസൂൺ മഴക്കാലത്ത് ഉരുൾപൊട്ടലിലും മറ്റുമായി 2101.9 കോടിയുടെ സഹായം വേണമെന്നാണ് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ തീരുമാനം വന്നിട്ടില്ല.

കേരളത്തിൽ 181 പേർ 2019 ലെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരിച്ചതായാണ് കണക്ക്. 72 പേർക്ക് പരിക്കേറ്റു. 15 പേരെ കാണാതായി. സംസ്ഥാനത്തൊട്ടാകെ 2227 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4.46 ലക്ഷം പേർ ഇവിടെ അഭയം തേടി.

അതേസമയം കേരളത്തെ അപേക്ഷിച്ച് ബിഹാറിലും കർണാടകത്തിലും നാശനഷ്‌ടങ്ങളും ജീവഹാനിയും കുറവാണ്. ബിഹാറിൽ 161 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 1.26 ലക്ഷം പേരെ 235 ദുരിതാശ്വാസ ക്യാംപുകളിൽ പ്രവേശിപ്പിച്ചു. 27 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. കർണാടകത്തിൽ 106 പേർ മരിച്ചു.