മൂന്നാറിൽ ഒന്നരവയസ്സുള്ള കുഞ്ഞ് റോഡിൽ വീണ സംഭവത്തിൽ അച്ഛനും അമ്മക്കും എതിരെ കേസ്

ഇടുക്കി: മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ സംഭവത്തിൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിച്ചത്.

പഴനിയിൽ പോയി മടങ്ങി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണത്. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കു‍ഞ്ഞാണ് ഇത്തരത്തിൽ രക്ഷപ്പെട്ടത്. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല.

ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മുഖത്ത് നിസ്സാര പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലാക്കിയിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ എത്തി കുഞ്ഞിനെ വീണ്ടെടുക്കുന്നത്.