കന്യാസ്ത്രീയുടെ ചിത്രംപുറത്ത് വിട്ട മിഷനറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു; ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിനാണ് കേസ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രംപുറത്ത് വിട്ട മിഷനറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറുപ്പിനോടൊപ്പമാണ് ചിത്രവും നല്‍കിയത്.

പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയുന്ന വിധത്തില്‍ ചിത്രം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പും ചേര്‍ത്താണ് മാധ്യമങ്ങള്‍ക്ക് കുറിപ്പ് കൈമാറിയത്. ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിനാണ് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒയ്ക്ക് എതിരെ 228(എ) വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.