രാജ്യദ്രോഹ കേസ്; പരാതി നൽകിയ അഭിഭാഷകനെതിരെ കേസ്

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ അഭിഭാഷകനെതെിരെ കേസെടുത്തു. വ്യാജപരാതി നല്‍കിയതിനാണ് കേസെടുത്തതെന്ന് ബീഹാര്‍ പൊലീസ് പറഞ്ഞു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തത്.

അടൂരിനെ കൂടാതെ സംവിധായിക അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെയാണ് പട്‌ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സുധീര്‍ ഓഝ എന്ന അഭിഭാഷകനാണ് ഇവര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. നിരര്‍ഥക പരാതികള്‍ സമര്‍പ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാൻ പോലീസ് തീരുമാനിച്ചത്.

പരാതി ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് തെളിഞ്ഞെന്നും ശ്രദ്ധ നേടാനാണ് സുധീര്‍ ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ജൂലൈയിലാണ് പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്നകത്ത് അയച്ചത്.