കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയുടെ യോഗം ഇന്ന്

തൃശ്ശൂർ: ലളിതകലാ അക്കാദമിയുടെ നിർവാഹക സമിതിയും ജനറൽ കൗൺസിലും ഇന്ന് ചേരും. കാർട്ടൂൺ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. അവാർഡ് പുനപരിശോധിക്കണമെന്ന് സർക്കാർ നിർദേശം നിലനിൽക്കുമ്പോൾ യോഗത്തിൽ വിഷയം ചർച്ചയാകും. രാവിലെ 11 മണിക്ക് തൃശ്ശൂരിലാണ് യോഗം ചേരുന്നത്.

മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടുണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുന പരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് അക്കാദമി പുരസ്കാരം ലഭിച്ചതാണ് വിവാദമായത്.

വിദഗ്ധരടങ്ങിയ ജൂറിയുടെ തീരുമാനത്തിൽ സർക്കാർ ഇടപെടുന്നതിൽ അക്കാദമി നേതൃത്ത്വത്തിന് അതൃപ്തിയുണ്ടെങ്കിലും ആക്ഷേപങ്ങൾ ഒഴിവാക്കാൻ പുനപരിശോധനക്ക് സമിതിയെ നിയോഗിക്കാനാണ് സാധ്യത. മറിച്ചൊരു തീരുമാനമുണ്ടായാൽ അക്കാദമിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങും. പുന പരിശോധന ഉണ്ടായാൽ സമിതിയിൽ ആരൊക്കെ വേണം എന്നത് ചർച്ചയാകും.