കാന്‍ ചലച്ചിത്ര മേള: മികച്ച ചലച്ചിത്രമായി ഷോപ്‌ലിഫ്‌റ്റേഴ്‌സ്

പാരീസ്: കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മേളയുടെ സമാപന ദിവസമായ ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. ജാപ്പനീസ് സംവിധായകനായ ഹിരോസാകു കൊറീദയ്ക്ക് പ്രശസ്തമായ ‘പാംദോര്‍ പുരസ്‌കാരം’ ലഭിച്ചു. ഷോപ്‌ലിഫ്‌റ്റേഴ്‌സ് എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ജപ്പാനിലെ ഒരു നിര്‍ധനകുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഷോപ്‌ലിഫ്‌റ്റേഴ്‌സ്.

‘ഡോഗ്മാന്‍’ എന്ന ഇറ്റാലിയന്‍ ചിത്രത്തിന് മാഴ്‌സെലോ ഫോണ്ടിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടി. റഷ്യന്‍-കസാഖ് ചിത്രമായ അയ്കയില്‍ നായികയായ സമാല്‍ യെസ്‌ല്യമോവയ്ക്ക് മാകച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച സംവിധായകനായി പോളണ്ടുക്കാരന്‍ പവേല്‍ പവ്‌ലികോവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ടു.

ഹോളിവുഡ് സംവിധായകനായ സ്‌പൈക് ലീയ്ക്ക് ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ലഭിച്ചു. കാഫേര്‍നത്തിന്റെ സംവിധായിക നദീന്‍ ലബാക്കി ജൂറി പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ആലിസ് റോവാച്ചര്‍, നാദിര്‍ സായ്‌വര്‍, ജാഫര്‍ പനാഹി എന്നിവര്‍ പങ്കിട്ടു.