ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്നകാര്യം ഓര്‍മ്മവേണം; മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഹൗഡി മോദി പരിപാടിക്കിടെ വീണ്ടും ട്രംപ് സർക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി അമേരിക്കയിലെത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, അല്ലാതെ യുഎസ് താര പ്രചാരകന്‍ ക്യാംപയിനര്‍ ആയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് അനന്ദ് ശര്‍മ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് ശര്‍മ മോദിക്കതിരെ രംഗത്ത് വന്നത്.

പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി വാനോളം പുകഴ്ത്തിയിരുന്നു. വരുന്ന തെരെഞ്ഞെടുപ്പില്‍ വീണ്ടും ട്രംപിനെ വിജയിപ്പിക്കണമെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നാണ് വരാന്‍ പോകുന്ന യു.എസ് തെരെഞ്ഞെടുപ്പിനെ സൂചിപ്പിച്ച് കൊണ്ട് മോദി വേദിയില്‍ പറഞ്ഞത്.

ട്രംപിന്റെ നേതൃപാടവത്തോട് ആദരവുണ്ടെന്നും രണ്ട് രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി പറഞ്ഞിരുന്നു. ഡൊണള്‍ഡ് ട്രംപും തന്‍റെ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി.

ഇന്ത്യ യു.എസുമായി നിഷ്പക്ഷബന്ധമാണ് സൂക്ഷിച്ചിട്ടുള്ളത്. ഡെമോക്രറ്റുകളോടോ റിപബ്ലിക്കന്‍മാരോടോ പ്രത്യേകമായി ഇന്ത്യ അനുഭാവം പുലര്‍ത്തിയിട്ടില്ല. മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ- പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നാണ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തത്.

മിനുട്ടുകള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കരുതിയ ട്രംപ് മണിക്കൂറുകളോളം പരിപാടിയില്‍ പങ്കെടുത്തതും തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് കരുതുന്നത്. 2020 നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.