മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ

കോഴിക്കോട്: കുഞ്ഞിനെ ജ്വല്ലറിയിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരി മൂന്നാതോട് പനയുള്ളകുന്നുമ്മൽ ലിജിൻ ദാസ്(28), കോഴിക്കോട് എളേറ്റിൽ പുതിയോട്ടിൽ ആതിര(24) എന്നിവരെയാണ് കൊടുവള്ളി പോലീസ് ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്.

ജനുവരി പത്തിനാണ് ആതിരയെയും മൂന്നു വയസുള്ള കുഞ്ഞിനെയും കാണാതാകുന്നത്. തുടർന്ന് ഭാര്യയെയും മകനെയും കാണാനില്ലെന്ന് പറഞ്ഞ് ആതിരയുടെ ഭർത്താവ് കൊടുവള്ളി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. ഇതിനിടെ ജനുവരി 13നാണ് കുഞ്ഞിനെ പാലക്കാട്ടെ ജ്വല്ലറിയിൽ ഉപേക്ഷിച്ച സംഭവമുണ്ടായത്.

കടുത്ത പ്രണയത്തിലായിരുന്ന കോഴിക്കോട് എളേറ്റിൽ സ്വദേശി ആതിരയും താമരശേരി സ്വദേശി ലിജിൻ ദാസും ജനുവരി പത്തിനാണ് നാടുവിട്ടത്. മൂന്നു വയസുള്ള മകനെയും ആതിര കൊണ്ടുപോയിരുന്നു.

ഭാര്യയെയും മകനെയും കാണാനില്ലെന്ന് ആതിരയുടെ ഭർത്താവ് ജനുവരി പത്തിന് തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ സംസ്ഥാനം വിട്ടതായി കണ്ടെത്തി.

ജനുവരി പത്തിന് നാടുവിട്ട ലിജിൻദാസും ആതിരയും കാസർകോട്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പോയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജനുവരി 13നാണ് കേസിലെ അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്.

കാമുകനോടൊപ്പം ഇറങ്ങി തിരിച്ച ആതിര മൂന്നു വയസുള്ള കുഞ്ഞിനെ താൻ ഉപേക്ഷിച്ചതായി ബന്ധുക്കളെ വിളിച്ചുപറഞ്ഞു. പാലക്കാട്ട് മലബാർ ഗോൾഡ് ജ്വല്ലറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടെന്നും, അവിടെ നിന്ന് കുഞ്ഞിനെ കൊണ്ടുപോകണമെന്നുമായിരുന്നു ആതിര ബന്ധുക്കളെ അറിയിച്ചത്.

ആതിരയുടെ ഫോൺ കോൾ വന്നതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് മലബാർ ഗോൾഡ് ജ്വല്ലറിയിലെത്തിയ പാലക്കാട് സൗത്ത് പോലീസ് മൂന്നു വയസുകാരനായ കുട്ടിയെ കണ്ടെത്തി. കുഞ്ഞിനെ പിന്നീട് കൊടുവള്ളി പോലീസെത്തി ഏറ്റെടുത്ത് ബന്ധുക്കൾക്ക് കൈമാറി.

അതേസമയം, പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആതിരയ്ക്കും ലിജിൻദാസിനുമെതിരെ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയതിനാണ് കേസെടുത്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

ആതിരയും ലിജിൻദാസും പാലക്കാട് നിന്ന് എവിടേക്ക് പോയെന്ന കാര്യത്തിൽ പോലീസിന് ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ചയോടെ ഇരുവരും കോഴിക്കോട് നഗരത്തിലെത്തിയതായി വിവരം ലഭിച്ചു.

ജനുവരി 21 ഞായറാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്.

തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശേരി കോടതിയിൽ ഹാജരാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ കേസിൽ ഹാജരാക്കിയ ഇരുവരെയും ഫെബ്രുവരി അഞ്ചു വരെ കോടതി റിമാൻഡ് ചെയ്തു.