വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ തടസമില്ല; കുമ്മനത്തിന്റെ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കെ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കുമ്മനം രാജശേഖരൻ നൽകിയ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം. അതിനാൽ തന്നെ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ തടസ്സമില്ല. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സിലിനോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്.

കെ.മുരളീധരന്‍ ആസ്തി മറച്ചുവെച്ചുവെന്നാണ് കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ്. ഈ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

കുമ്മനത്തിന്റെ തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സിലിനോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്. കുമ്മനം നല്‍കിയ കേസില്‍ കെ. മുരളീധരന്റെ വിജയം അസാധുവാക്കണമെന്ന് മാത്രമാണ് കുമ്മനം ആവശ്യപ്പെട്ടിരുന്നത്. തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല.

കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോ എന്നാണ് നിയമോപദേശം തേടിയത്. ഇതിനിടെ പാര്‍ലമെന്റ് അംഗമായതിനാല്‍ കെ. മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ കേസുമായി കുമ്മനം മുന്നോട്ടുപോകുകയാണെങ്കില്‍ തന്നെയും ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല. ഈ നിയമോപദേശമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആറ് നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.