ഇത് മധുര സിന്ദൂര പ്രതികാരം; സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം

ബേസല്‍: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയോട് പകരംവീട്ടി പി വി സിന്ധുവിന് കന്നി കിരീടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്.

ലോകറാങ്കിങ്ങിൽ തന്നേക്കാൾ ഒരുപടി മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധുവിന്റെ സുവർണനേട്ടം. ലോക അഞ്ചാം നമ്പർ താരമായ സിന്ധു, നാലാം നമ്പർ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളിൽ ചുരുട്ടിക്കെട്ടിയാണ് വിജയമാഘോഷിച്ചത്.

തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു.

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7. ഒകുഹാരയ്ക്കെതിരായ നേർക്കുനേർ പോരാട്ടങ്ങളിൽ സിന്ധുവിന്റെ ഒൻപതാം ജയമാണിത്.