രഹ്ന ഫാത്തിമയെ ബിഎസ്എല്‍ വീണ്ടും സ്ഥലംമാറ്റി; തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം ഉടൻ

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയതി വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എല്‍ വീണ്ടും സ്ഥലംമാറ്റി. കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചില്‍ നിന്ന് രവിപുരം ബ്രാഞ്ചിലേക്ക് മാറ്റിയ രഹ്നയെ ഇപ്പോള്‍ പാലാരിവട്ടത്തേക്കാണ് വീണ്ടും സ്ഥലംമാറ്റിയിരിക്കുന്നത്. അതിനിടെ, രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പ്രതിഷേധത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് ബിഎസ്എന്‍എലിന്റെ അനൗദ്യോഗിക വിശദീകരണം. അതേസമയം, ഏറെ നാളായി ആഗ്രഹിച്ചിരുന്ന സ്ഥലംമാറ്റമാണ് ഇതെന്ന് രവിപുരം ബ്രാഞ്ചിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് രഹ്ന ഫാത്തിമ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലാരിവട്ടത്തേക്ക് മാറ്റിയതായി അറിയിപ്പ് വന്നത്.

നേരത്തേ തനിയ്ക്ക് ഓഫീസിലെത്താന്‍ 45 മിനിറ്റ് വേണമായിരുന്നെന്നും ഇപ്പോഴത്തെ ബ്രാഞ്ചിലേക്ക് വീട്ടില്‍ നിന്ന് രണ്ടു മിനിറ്റ് നടന്നാല്‍ എത്താമെന്നുമായിരുന്നു പോസ്റ്റ്. അയ്യപ്പന്റെ അനുഗ്രഹത്താലാണ് സ്ഥലംമാറ്റമെന്നും അവര്‍ കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇവരെ പാലാരിവട്ടത്തേക്ക് സ്ഥലം മാറ്റിയത്.

രഹ്നയ്ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക.

രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്ത് നല്‍കിയിട്ടുമുണ്ട്.