വിവാഹത്തിനൊരുങ്ങാൻ ബ്യൂട്ടീഷ്യന്റടുത്തു പോയ യുവതിയുടെ ജഡം മുളവുകാട് കായലിൽ .

വൈപ്പിൻ : വിവാഹത്തിനൊരുങ്ങാൻ ബ്യൂട്ടീഷ്യന്റടുത്തു പോയ യുവതിയുടെ ജഡം മുളവുകാട് കായലിൽ കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാൾപടി മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണ പ്രിയ ( 21) യാണു മരിച്ചത്. മരണം ദുരൂഹമാണെന്നാരോപിച്ച ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു.

കാളികുളങ്ങരയിലെ യുവാവുമായി കഴിഞ്ഞ 29ന് എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തിൽ വിവാഹം നിശ്ചയിച്ചിരുന്നു. അന്നു രാവിലെ 6.45നു വീടിനു സമീപത്തെ ബ്യൂട്ടിപാർലറിൽ പോയതാണ് യുവതി. കുറച്ചു സമയം താമസമണ്ടെന്നു പറഞ്ഞപ്പോൾ കുടുംബക്ഷേത്രത്തിൽ പോയി വരാമെന്നു പറഞ്ഞു മടങ്ങി. വരാത്തിനാൽ ബ്യൂട്ടീഷ്യൻ വിവരം വീട്ടിലറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രണ്ടാംദിവസമാണു ജഡം കണ്ടെത്തിയത്. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നു പോകുന്നത് ചിലർ കണ്ടിരുന്നു. വിവാഹം മുടങ്ങിയപ്പോൾ വരന്റെ ബന്ധുക്കൾ നഷ്ട പരിഹാരം ആവശ്യപ്പെട്ടു. നാലുലക്ഷം രൂപ നൽകാൻ വധുവിന്റെ വീട്ടുകാർ സമ്മതിച്ചു ഒരുലക്ഷം രൂപയും നൽകി. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌ക്കാരം നടത്തി. അമ്മ : വിശാലം. സഹോദരങ്ങൾ : കൃഷ്‌ണേന്ദു, വിനയ