ഇന്ത്യയുടെ മരുമകനായ ബോറിസ് ജോണ്‍സന്റെ ബ്രിട്ടീഷ് മന്ത്രിസഭയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ സര്‍ക്കാരില്‍ മൂന്ന് ഇന്ത്യൻ വംശജർ. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ളതാണ് പുതിയ സർക്കാർ. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെ ഇന്ത്യക്കാരനായ ഋഷി സുനാകിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്.

Infosys co-founder Narayana Murthy and wife Sudha Murthy pose for a photograph at the wedding reception of their daughter Akshata and Rishi Sunak

മറ്റൊരു ജൂനിയര്‍ മിനിസ്റ്ററായ ഇന്ത്യന്‍ വംശജന്‍ അലോക് ശര്‍മയെ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

ബ്രിട്ടണിലെ ആദ്യ ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറിയായി കഴിഞ്ഞ ദിവസം പ്രീതി പട്ടേല്‍ സ്ഥാനമേറ്റിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഈ 47-കാരി ബ്രിട്ടീഷ് സര്‍ക്കാരുകളില്‍ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. ബോറിസ് ജോണ്‍സന്റെ അനുയായിയും കടുത്ത ബ്രെക്‌സിറ്റ് വാദിയുമാണ് പ്രീതി പട്ടേല്‍. തെരേസാ മേയ് സര്‍ക്കാരില്‍ അന്താരാഷ്ട്ര വികസനവകുപ്പ് സെക്രട്ടറിയായിരുന്നു പ്രീതി.

Priti Patel

റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്. തദ്ദേശ ഭരണ വകുപ്പില്‍ ജൂനിയര്‍ മിനിസ്റ്ററായ അദ്ദേഹത്തെ ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി പുതിയ പ്രധാനമന്ത്രി നിയമിക്കുകയായിരുന്നു. മന്ത്രിസഭാ യോഗങ്ങളിലടക്കം പങ്കെടുക്കാന്‍ സാധിക്കുന്ന, സുപ്രധാന സ്ഥാനമുള്ള പദവിയാണിത്.

Rishi Sunak

വിദേശ രാജ്യങ്ങള്‍ക്കുള്ള ബ്രിട്ടന്റെ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചുമതലകളാകും അലോക് ശര്‍മയ്ക്ക് നിര്‍വഹിക്കേണ്ടി വരിക. 2010 മുതല്‍ റീഡിങ് വെസ്റ്റില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അലോക് ശര്‍മ.

Alok Sharma

ബ്രിട്ടന്റെ 14-ാമത്തെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ചയാണ് അധികാരമേറ്റത്. പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഭാര്യ മറീന വീലർ ഇന്ത്യൻ വംശജയാണ്. 1.6 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടുനേടിയാണ് ബോറിസ് ജോണ്‍സണ്‍ വിജയിച്ചത്. പ്രധാനമന്ത്രിപദം ഏറ്റെടുത്ത ബോറിസ് ജോൺസൻ ‘ഒക്ടോബർ 31നു തന്നെ യൂറോപ്യൻ യൂണിയൻ വിടും, ആ വെല്ലുവിളി ഞാൻ വ്യക്തിപരമായി ഏറ്റെടുക്കുന്നു’ എന്ന പ്രഖ്യാപിക്കുകയായിരുന്നു.

Boris Johnson

ശേഷിക്കുന്ന 99 ദിവസത്തിനകം യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുണ്ടാക്കുമെന്നും അതേസമയം, കരാറില്ലാതെ പിന്മാറ്റം വേണ്ടിവന്നാൽ അതിനും തയാറെന്നും പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കരാറില്ലെങ്കിലും മൂന്നുമാസത്തിനകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന വാഗ്ദാനവുമായാണ് ബോറിസ് അധികാരത്തിലേക്കെത്തുന്നത്.