കോഴിക്കോട് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: നാദാപുരം വളയത്ത് ബി.ജെ.പി. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വളയം ചെക്കോറ്റയിലെ കാവേരിയിൽ ബാലകൃഷ്ണന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ ബോംബേറ് നടന്നത്.

വീടിനു നേരെ എറിഞ്ഞ ബോംബ് വീടിന്റെ ടെറസിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിന്റെ പിൻ ഭാഗത്തെ ചില്ല് തകർന്നു. വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ബാലകൃഷ്ണന്റെ മകൻ വിപിൻ ആർ.എസ്.എസ്.പ്രവർത്തകനാണ്. രണ്ടു മാസങ്ങൾക്ക് മുമ്പും വീടിനു നേരെ അക്രമം നടന്നിരുന്നു. ഇപ്പോൾ വളയം മേഖലയിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും വീടിനു നേരെ അക്രമം നടക്കുന്നത്. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബെറിഞ്ഞവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ ബി.ജെ.പി.വളയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ എത്രയും വേഗം പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.