കണ്ണൂരിൽ 13 കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 13 കള്ളവോട്ടു കൂടി നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധർമ്മടത്ത് ബൂത്ത് നമ്പർ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയിൽ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ധർമ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്.

കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി, എഫ് പ്രകാരം ക്രിമിനൽ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും.

പാമ്പുരുത്തിയില്‍ കള്ളവോട്ട് നടന്നെന്ന് കാണിച്ച് എല്‍ ഡി എഫ്, യു ഡി എഫ് ബൂത്ത് ഏജന്റുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്. പാമ്പുരുത്തിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് എല്‍ ഡി എഫ് ആരോപിച്ചിരുന്നു. ധര്‍മടത്ത് യു ഡി എഫ് ബൂത്ത് ഏജന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകരന്റേയും പോളിങ് ഏജന്റുമാരാണ് ചീഫ് ഇലക്ടറൽ ഓഫിസർക്കും റിട്ടേണിങ് ഓഫിസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കലക്ടർ അന്വേഷണം നടത്തി ചീഫ് ഇലക്ട്രൽ ഓഫിസർക്ക് വിശദമായ റിപ്പോർട്ട് നൽകി.

പോളിങ് സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൾ സലാം, മർഷദ്, ഉനിയാസ് കെ.പി, എന്നിവർ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൾ സലാം, സാദിഖ് കെ.പി, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കലക്ടർ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ് സ്‌റ്റേഷനിലെ 1,249 വോട്ടുകളിൽ 1,036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയിൽ പോളിങ് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസർ ശക്തമായി ഇടപെടാൻ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ധർമ്മടത്ത് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പോളിങ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ പരിശോധന നടത്തിയത്. വിഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സയൂജ് 52ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.