ആത്മഹത്യ ചെയ്ത അര്‍ജന്റീനന്‍ ആരാധകന്‍ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി കണ്ടെത്തിയത്.
ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് ഡിനുവിനെ കാണാതായത്.
കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപം ഇന്നുരാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ വിവരം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിനെ അറിയിച്ചു. മൃതദേഹത്തിന്റെ കഴുത്തില്‍ക്കിടന്ന മാല ബന്ധുക്കള്‍ കണ്ടു തിരിച്ചറിഞ്ഞാണ് മരിച്ചത് ഡിനു തന്നെയെന്ന് ഉറപ്പിച്ചത്. തുടര്‍ന്നു കോട്ടയം വെസ്റ്റ്, അയര്‍ക്കുന്നം സി.ഐ.മാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥ്‌ലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന ദയനീയമായി പരാജയപ്പെട്ടിരുന്നു. പുലര്‍ച്ചെ ഒന്നര വരെ വീട്ടിലിരുന്ന് ഡിനു മല്‍സരം കണ്ടിരുന്നു. നാലരയോടെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് അന്വേഷിച്ചപ്പോഴാണ് ഡിനുവിനെ കാണാതായതായി അറിയുന്നത്. പിതാവ് അലക്‌സാണ്ടര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.