കറുത്ത കുതിരകളാകാൻ ബ്ലാസ്റ്റേഴ്‌സ്; കേരള-ഡൽഹി പോരാട്ടം ഇന്ന്

ഡൽഹി: സീസണിൽ ഇതുവരെ താളം കണ്ടെത്താന്‍ കഴിയാതെ വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഡൽഹിയുടെ തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മൽസരം. ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഹ്രസ്വ,ദീര്‍ഘകാല നടപടികളാണ് സ്വീകരിക്കുന്നതെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. അവ വിജയിച്ചാൽ എല്ലാ ശരിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ മാധ്യമങ്ങളിൽ ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിശേഷിപ്പിക്കുന്നത് മുങ്ങിത്താഴുന്ന കപ്പലെന്നാണ്. ഏറെ പ്രതീക്ഷയോടെ പുതിയ സീസണില്‍ ഇറങ്ങിയ സച്ചിന്റെ ടീം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വിശേഷണം. എട്ട് മല്‍സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് ആകെ നേടാനായത് ഒരു വിജയം മാത്രമാണ്. ടീമിനുള്ളിലെ അസ്വാരസ്യങ്ങളും പരിശീലകന്റെ കസേര തെറിക്കലും അങ്ങനെ എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്സിന് ഇതുവരെ നല്ല സമയം അല്ലായിരുന്നു. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച ഡേവിഡ് ജെയിംസിന്‍റെ ചുമലിലാണ് ഇനി എല്ലാ പ്രതീക്ഷകളും. സി.കെ വിനീത് പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട് എന്നത് ടീമിന് കൂടുതൽ കറുത്ത പകരുന്നു.

ഡല്‍ഹി ഡൈനാമോസിന്‍റെ അവസ്ഥ ഇതിലേറെ പരിതാപകരം. തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ തോറ്റതിന്റെ വേദന അല്‍പ്പം മാറിയത് ചെന്നൈയിന്‍ എഫ്സിക്കെതിരെ ഒരു പോയിന്റ് കിട്ടിയപ്പോഴാണ്. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ഡല്‍ഹിയെ തോല്പ്പിച്ച് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വീണ്ടെടുക്കാനാകുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

അതേസമയം ഡേവിഡ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അതിന്റെ സൂചനകൾ കണ്ടതുമാണ്. എഴുപതു മിനിറ്റിനു ശേഷം തളർന്നു പോകുന്ന ബൽസ്റ്റേഴ്സിനെ അല്ല അന്ന് കണ്ടത്. എതിർ ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണങ്ങൾ തൊടുത്തുവിടുന്ന ബൽസ്റ്റേഴ്‌സ് ആരാധകർക്ക് പകർന്ന പ്രതീക്ഷ തെല്ലൊന്നുമല്ല. കിട്ടിയ അവസങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അന്ന് സംഭവിച്ച പിഴവ്. വീനിത് എത്തുന്നതോടു കൂടി മാറിനിന്ന ഗോളുകളും വന്നുതുടങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ.