ജെ.ഡി.എസ്എം-കോണ്‍ഗ്രസ് എൽ.എമാരെ രാജിവെപ്പിക്കാൻ ബിജെപി നീക്കം

ബെംഗളൂരു: കര്‍ണാടകത്തിൽ പത്ത് എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കൾ സൂചന നൽകി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു. ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കിൽ ഉടൻ കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.

2008ൽ ബി.ജെ.പി നേടിയത് 110 സീറ്റുകളായിരുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരെയും നാല് കോണ്‍ഗ്രസ് എം.എൽ.എമാരെയും അന്ന് രാജിവെപ്പിച്ചു. ഇതിൽ അ‍ഞ്ചുപേര്‍ പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇതേ തന്ത്രമാണ് ഇന്നലെ രാത്രി മുതൽ ബി.ജെ.പി കര്‍ണാടകത്തിൽ പയറ്റുന്നത്. പത്തുപേരെ രാജിവെപ്പിക്കുകയും രണ്ട് സ്വതന്ത്രരെയും ഒരു ബി.എസ്.പി എം.എൽ.എയെയും ഒപ്പം കൊണ്ടുവരികയും ചെയ്താൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് ബി.ജെ.പി കരുതുന്നു.

ഇതിന് ആവശ്യമായ വഴിയെല്ലാം തേടാനാണ് പ്രധാനമന്ത്രിയുടെ അനുമതിയോടെ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കിയാൽ ലിംഗായത്ത് സമുദായത്തെ വീണ്ടും ഒറ്റക്കെട്ടായി പാര്ടിക്ക് പിന്നിൽ അണിനിരത്താമെന്നും ബി.ജെ.പി കരുതുന്നു. അതിനാൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ സര്‍ക്കാര്‍ താഴെ വീണാൽ പോലും രാഷ്ട്രീയമായി നേട്ടമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 1996ൽ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടപ്പോൾ സംസ്ഥാന പാര്‍ടി അദ്ധ്യക്ഷനായ വ്യക്തിയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ വാജുഭായ് വാലെ എന്ന് ചൂണ്ടിക്കാട്ടി രാംമാധവ് രംഗത്തെത്തി. അതിനാൽ ധാര്‍മ്മികതയെ കുറിച്ച് ജെ.ഡി.യു സംസാരിക്കേണ്ടെന്ന് രാംമാധവ് ട്വീറ്റ് ചെയ്തു.

അതേസമയം അമിത്ഷാ നടത്തുന്ന ഈ നീക്കത്തോട് പാര്‍ടിയിലെ തന്നെ ചില മുതിര്‍ന്ന നേതാക്കൾക്ക് എതിര്‍പ്പുണ്ട്. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതാണ് 2019 മുൻനിര്‍ത്തിയുള്ള നല്ല തീരുമാനമെന്ന് ഇവര്‍ സ്വകാര്യമായി വാദിക്കുന്നു. അതിനിടെ ഗവര്‍ണറുടെ തീരുമാനം എതിരാവുകയാണെങ്കിൽ കോണ്‍ഗ്രസ് ഉടൻ കോടതിയെ സമീപിക്കും. കപിൽ സിബൽ, അഭിഷേക് സിംഗ് വി എന്നിവര്‍ക്കാണ് ഇതിനുള്ള ചുമതല ഹൈക്കമാന്‍റ് നൽകിയിരിക്കുന്നത്.