വടക്കുകിഴക്കന്‍ മേഖലയെ കാവിമയമാക്കാന്‍ ബിജെപി; നാഗാലാന്‍ഡില്‍ ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണം പിടിച്ചു; മേഘാലയയിലും ആവര്‍ത്തിക്കാന്‍ ശ്രമം

ഡല്‍ഹി: മേഘാലയയില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടാന്‍ നീക്കം നടത്തുന്ന ബിജെപി, നാഗാലാന്‍ഡില്‍ ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണം പിടിച്ചു. ബിജെപി- എന്‍ഡിപിപി സഖ്യം 29 സീറ്റിലെത്തിയതോടെയാണു പുറത്തുനിന്നുള്ള പിന്തുണ തേടിയത്. അതേസമയം, മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസും സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി രംഗത്തുണ്ട്.

ബിജെപി -എന്‍ഡിപിപി സഖ്യം 29 സീറ്റുകള്‍ ഉറപ്പാക്കിയതോടെ, കേവല ഭൂരിപക്ഷമായ 31ല്‍ എത്താന്‍ ബിജെപി ശ്രമം തുടങ്ങി. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കൊഹിമയിലെത്തി സ്വതന്ത്രന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. ഓരോ സീറ്റു വീതം നേടിയ ജെഡിയുവും സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി മാന്ത്രിക സംഖ്യയായ 31ല്‍ എത്തി.

മുന്‍ മുഖ്യമന്ത്രിയും എന്‍പിഎഫിന്റെ മുന്‍ അധ്യക്ഷനുമായ നെഫ്യുറിയോ മുഖ്യമന്ത്രിയാകും. അതേസമയം, മേഘാലയയില്‍ കോണ്‍ഗ്രസ് 21 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരണം നേടുമെന്ന് ഉറപ്പിക്കാനായിട്ടില്ല. 19 സീറ്റുനേടിയ എന്‍പിപിയെ കൂട്ടുപിടിച്ചു രണ്ടു സീറ്റ് നേടിയ ബിജെപി, ഭരണം നേടാനുളള ശ്രമം തകൃതിയായി നടത്തുകയാണ്. 6 സീറ്റുള്ള യുഡിപിയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയും ബിജെപിയെ പിന്തുണച്ചേക്കും. കോണ്‍ഗ്രസും ബിജെപിയും മൂന്നു സ്വതന്ത്രരുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്.

കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജ്ജു എന്നിവരാണു ബിജെപിക്കായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. കോണ്‍ഗ്രസിനായി മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍ നാഥും ഷില്ലോങിലെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.