ശബരിമല: പിടിമുറുക്കാന്‍ ബിജെപി, സെക്രട്ടറിയേറ്റ് സമരത്തിന് ദേശീയ നേതാക്കളെത്തും

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ബിജെപി. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയതിന് പിന്നാലെ 18ന് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്തുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ഈ സമരത്തില്‍ ദേശീയ നേതാക്കളെ എത്തിക്കാനും ചരടുവലി നടക്കുന്നുണ്ട്. സമരത്തിന് മുമ്പ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തും.

പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും പിന്നാലെ ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ജനുവരി 27ന് തൃശൂരില്‍ യുവമോര്‍ച്ചാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെക്കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തുമെന്നാണ് വിവരം.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ വ്യപകമായ അക്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മിക്കയിടങ്ങളിലും ബോംബേറും സംഘര്‍ഷങ്ങളും നടക്കുന്നുണ്ട്. നേതാക്കന്മാരുടെയുള്‍പ്പെടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രത പുലര്‍ത്താന്‍ ഡി.ജി.പി ലോകനാഥ് ബെഹ്‌റ പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ണൂരിലാണ് കൂടുതല്‍ സംഘര്‍ഷമുള്ളത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വി.കെ.വിശാഖിന് വെട്ടേറ്റു. പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയിലിന്റെ വീട് അടിച്ചുതകര്‍ത്തു. പരിയാരം ചെറുതാഴത്ത് ആര്‍.എസ്. എസ് കാര്യാലയത്തിന് തീയിട്ടു. ടി.വി.യും ഫര്‍ണിച്ചറുമുള്‍പ്പെടെയുള്ളതെല്ലാം തകര്‍ത്തു.