ബിജെപി അംഗത്വ ക്യാംപയിന് ഇന്ന് തുടക്കം; അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുക ലക്‌ഷ്യം

തിരുവനന്തപുരം: ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലമായ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുക. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സംസ്ഥാനത്തെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ബി.ജെ.പിയില്‍ അംഗങ്ങളാകുമെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയുമാണ് അംഗത്വം ലഭിക്കുക. കേരളത്തില്‍ നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് നേടാനായില്ല. ശബരിമല വിഷയം ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന്‍റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് തുടക്കമാകുന്നത്.

സംസ്ഥാന ഘടകങ്ങള്‍ പാര്‍ട്ടി അംഗത്വം പെരുപ്പിച്ചു കാണിക്കുന്നതു തടയാന്‍ ബി.ജെ.പി ദേശീയ നേതൃത്വം രീതി കൊണ്ട് വന്നു. അംഗത്വം എടുക്കുന്നവരുടെ ‘ഓണ്‍ സ്പോട്ട് വേരിഫിക്കേഷന്‍’ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

അംഗത്വം എടുക്കുന്നവര്‍ അതിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന ഐ.ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും നല്‍കണം. അത് വോട്ടര്‍ ഐ.ഡി കാര്‍ഡോ ആധാര്‍ കാര്‍ഡോ ആകാം. അംഗത്വം എടുക്കുന്ന എല്ലാവരെയും വീട്ടില്‍പ്പോയി കണ്ട് ഉറപ്പുവരുത്തുകയും ചെയ്യും. സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ശ്രീശന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് അംഗത്വ ക്യാംപയിനിന്‍റെ ചുമതല. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ‍്, എന്നിങ്ങനെ പൊതു ഇടങ്ങളില്‍ അംഗത്വ ക്യാംപയിനുള്ള കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 16 വരെയാണ് ക്യാംപയിന്‍.