അഞ്ച് വര്‍ഷത്തെ ബിജെപി ഭരണം; മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് പതിനയ്യായിരത്തോളം കര്‍ഷകര്‍

മുംബൈ: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് പതിനായിരത്തോളം കര്‍ഷകര്‍. ദേവേന്ദ്ര ഫ്ടനവിസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ക്കും കര്‍ഷകരുടെ ദുരിതം കുറയ്ക്കാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2017 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിന് ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉളളത്.

2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുളള കാലത്ത് 1755 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2018ല്‍ 2761 പേര്‍ ആത്മഹത്യ ചെയ്തു. കടം എഴുതി തളളല്‍ പ്രഖ്യാപിച്ചതിന് ശേഷം 4516 പേര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കര്‍ഷകര്‍ ലോങ്ങ് മാര്‍ച്ച് നടത്തിയത്. അതിന് പിന്നാലെ കര്‍ഷകര്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പ്രഖ്യാപിച്ചത്. എന്നാല്‍ അവയൊക്കെയും പാലിക്കപ്പെടാതെ പോകുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചിലും കര്‍ശകര്‍ വീണ്ടും മാര്‍ച്ച് നടത്തിയത്.

സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണ് കടം എഴുതിത്തളളല്‍ പദ്ധതിയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് വിശേഷിപ്പിച്ചത്. അര്‍ഹരായ എല്ലാ കര്‍ഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ ഭൂവിസ്തൃതി പരിഗണിക്കാതെ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിന് ശേഷമുളളതാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെ 6268 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. അടുത്ത നാലുവര്‍ഷം കര്‍ഷക ആത്മഹത്യാ നിരക്ക് ഇരട്ടിയായി. 2015 മുതല്‍ 2018 വരെ 11995 പേര്‍ ആത്മഹത്യ ചെയ്തു.

സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ വിവര പ്രകാരം കടം, വിള നാശം, കടം നല്‍കിയവരില്‍ നിന്നുളള സമ്മര്‍ദം തുടങ്ങിയവയാണ് കര്‍ഷക ആത്മഹത്യകള്‍ക്കുളള കാരണം.