കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എ വാഗ്ദാനം ചെയ്തത് 100 കോടി: വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്

ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി എം.എല്‍.എ വാഗ്ദാനം ചെയ്തത് 100 കോടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാദിയ്ക്കെതിരെയാണ് ആരോപണം.

‘ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാദി, മോറെന ജില്ലയിലെ സബല്‍ഗഢ് എം.എല്‍.എയായ ബൈജ്നാഥ് കുശ്വാഹയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒരു ഭക്ഷണശാലയിലേക്ക് നാരായണ്‍ കൂട്ടിക്കൊണ്ടുപോയി. മുന്‍ മന്ത്രിമാരായ നരോട്ടാം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയുമായി കൂടിക്കാഴ്ച നടത്തി. അവര്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കുശ്വാഹയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും അവര്‍ കുശ്വാഹയ്ക്ക് വാഗ്ദാനം ചെയ്തു.’

ചാര്‍ട്ടേഡ് വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാനും കുശ്വാഹയെ ക്ഷണിച്ചിരുന്നെങ്കിലും കുശ്വാഹ തയ്യാറായില്ലെന്നും ദിഗ്വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ആരോപണത്തെ തള്ളി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. തനിക്കെതിരെ ദിഗ്വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്ന് നരോട്ടാം മിശ്ര പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.