ശബരിമലയില്‍ സംഘര്‍ഷത്തിനായി ജനങ്ങളെ എത്തിക്കാന്‍ ഭാരവാഹികള്‍ക്ക് ബിജെപി സര്‍ക്കുലര്‍; ഓരോ ദിവസവും ഓരോ മണ്ഡലം..എത്തേണ്ട സമയവും സ്ഥലവും വരെ സര്‍ക്കുലറില്‍

തിരുവനന്തപുരം: ശബരിമലയില്‍ അനാവശ്യമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ മറ നീക്കി പുറത്തുവരുന്നു. ഒരു സംഘജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും ഓരോ തീയതികളില്‍ ശബരിമലയിലേക്ക് ആളുകളെ എത്തിക്കണമെന്നും അങ്ങനെ എത്തിക്കേണ്ട ചുമതല ഓരോ ജില്ലാ ഭാരവാഹികള്‍ക്കും നല്‍കിക്കൊണ്ടുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സര്‍ക്കുലര്‍ പുറത്തായി. ഓരോ ജില്ലാ ഭാരവാഹികളും പറയുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആള്‍ക്കാരെ ശബരിമലയില്‍ പ്രതിഷേധത്തിനായി എത്തിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മണ്ഡലകാലം മുഴുവന്‍ ഇത്തരത്തില്‍ ആളുകളെ ശബരിമലയിലെത്തിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ശബരിമലയില്‍ എത്തേണ്ട സമയവും സ്ഥലവുമുള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ ചാര്‍ജുള്ള അതാത് ഭാരവാഹികള്‍ നേരത്തെ അറിയിക്കുകയും വേണം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ ഏത് ദിവസം പോകണമെന്ന് വഴിയെ അറിയിക്കുമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പ്രതിഷേധത്തിന് നേതൃത്വം വഹിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍, തുടങ്ങിയവരാണ്.

 

 

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി കേരള ഘടകത്തിന്റെ സര്‍ക്കുലര്‍ പല ജില്ലകളിലേക്കും അയച്ചിട്ടുള്ളത്. ദിവസവും നൂറോളം പേരെ ശബരിമലയില്‍ എത്തിച്ച് ശബരിമല കത്തിച്ച് നിര്‍ത്താനാണ് ബിജെപി ശ്രമം. ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് അക്ഷരം പ്രതി സംസ്ഥാന നേതൃത്വം നിറവേറ്റുകയാണ്.